പ്രായമായ അമ്മയെ ഭാര്യമാര്‍ പരിചരിച്ചില്ല; ഒരേ സമയം വിവാഹ ബന്ധം വേര്‍പെടുത്തി മൂന്ന് സഹോദരങ്ങള്‍



News Desk

അള്‍ജീരിയ: പ്രായമായ മാതാവിനെ പരിചരിക്കാത്തതിന് മൂന്ന് സഹോദരങ്ങള്‍ ഒരേസമയം വിവാഹബന്ധം (divorce) വേര്‍പെടുത്തി. അള്‍ജീരിയയിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

മൂന്ന് സഹോദരങ്ങള്‍ ജോലി കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഇവരുടെ അസുഖബാധിതയായ അമ്മയെ അയല്‍വാസി കുളിപ്പിക്കുന്നതാണ് കണ്ടത്. തങ്ങളുടെ മൂന്നുപേരുടെയും ഭാര്യമാര്‍ വീട്ടിലുണ്ടായിട്ടും അവര്‍ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതില്‍ ദേഷ്യം തോന്നിയ സഹോദരങ്ങള്‍ ഭാര്യമാരുമായുള്ള ബന്ധം വേര്‍പെടുത്തുകയായിരുന്നു. 

പ്രായമായ മാതാവിന് ഒരു മകള്‍ കൂടിയുണ്ട്. ഈ യുവതി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും വീട്ടിലെത്തി അമ്മയെ കാണുകയും പരിചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവിന് ക്യാന്‍സര്‍ ബാധിച്ചതിനാല്‍ അടുത്തിടെയായി ഇവര്‍ക്ക് അമ്മയെ പരിചരിക്കാന്‍ സ്വന്തം വീട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് അമ്മയുടെ കാര്യങ്ങള്‍ നോക്കണമെന്ന് സഹോദരങ്ങള്‍ ഭാര്യമാരോട് പറഞ്ഞു. എന്നാല്‍ ഇവര്‍ ഇത് അനുസരിച്ചില്ല. ഭാര്യമാര്‍ ഉണ്ടായിട്ടും അയല്‍വാസി അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വന്നതില്‍ ക്ഷുഭിതരായാണ് ഇവര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയത്