അബൂദബി: ഒരുതവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബൂദബിയിൽ നിരോധനമേർപ്പെടുത്തും. ഈ വർഷം അവസാനത്തോടെ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങുമെന്ന് പരിസ്ഥിതി ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ നാഷനൽ' ന്യൂസ് റിപ്പോർട്ട് ചെയ്തു. 2020ൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തിൽ ഇതു നീട്ടുകയായിരുന്നു. 15 അല്ലെങ്കിൽ 16 ഇനം പ്ലാസ്റ്റിക്കുകൾ നിരോധിക്കപ്പെടുമെന്ന് അബൂദബി പരിസ്ഥിതി ഏജൻസിയിലെ മുതിർന്ന ഉപദേഷ്ടാവ് മുനീർ ബൂ ഘനിം അറിയിച്ചു. പ്ലാസ്റ്റിക് സ്ട്രോകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ തുടങ്ങിയവയാണ് നിരോധിക്കപ്പെടുക. പുതിയ നിയമം നടപ്പിൽ വരുന്നതോടെ പ്ലാസ്റ്റിക് കുപ്പികൾ സർക്കാർ സ്വീകരിച്ച് പണം നൽകുന്ന പദ്ധതി ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം അനേകം തവണ ഉപയോഗിക്കാൻ കഴിയുന്ന ബാഗുകൾ വിപണിയിൽ ലഭ്യമാക്കും. ഇതുസംബന്ധിച്ച നിയമനടപടികൾ അവസാനഘട്ടത്തിലാണ്.