വടക്കഞ്ചേരി∙ ദേശീയപാത മംഗലത്ത് കാർ തലകീഴായി മറിഞ്ഞു. മംഗലം സർക്കാർ ഐടിഐ ബസ് സ്റ്റോപ്പിനു സമീപമാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് അപകടം നടന്നത്. രണ്ടുപേര്‍ക്കു പരുക്കേറ്റു.കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് ഇർഷാദ് (19), നിയാസ് (18) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്കമാലിയിൽനിന്നു കോയമ്പത്തൂരിലേക്ക് പോയിരുന്ന കാറിന്റെ സ്റ്റിയറിങ് ലോക്ക് ആയതിനെത്തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു എതിർവശത്തേക്ക് തലകീഴായി മറിയുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങള്‍ റോഡില്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. ഹൈവേ പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.