ന്യൂയോർക്ക്: കുട്ടികൾക്കായി ഫൈസർ കുറഞ്ഞ അളവിലുള്ള കോവിഡ് വാക്സിന്‍ നൽകണമെന്ന് ലോകാരോഗ്യ സംഘടന. അഞ്ച് മുതൽ 11 വയസ് വരെ ഉള്ളവർക്ക് 10 മൈക്രോ ഗ്രാം വീതമുള്ള ഡോസ് നൽകാനാണ് ഡബ്ല്യു.എച്ച്.ഒ സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പിലെ വിദഗ്ധർ ശിപാർശ ചെയ്യുന്നത്.
നിലവിൽ 12 വയസിന് മുകളിൽ ഉള്ളവർക്കാണ് ഫൈസർ വാക്സിൻ നൽകുന്നത്. 12 വയസും അതിന് മുകളിലുള്ളവർക്ക് 30 മൈക്രോഗ്രാം ഡോസ് ആണ് നൽകി വരുന്നത്.
രോഗാവസ്ഥയുള്ള കുട്ടികൾ ഒഴികെ അഞ്ച് മുതൽ 11 വയസ് വരെ ഉള്ളവർ പ്രതിരോധ കുത്തിവെപ്പിനുള്ള മുൻഗണനാ ഗ്രൂപ്പിൽ ഏറ്റവും താഴെയാണെന്ന് വിദഗ്ധ സമിതി ചെയർമാൻ അലജാൻഡ്രോ ക്രാവിയോട്ടോ പറഞ്ഞു.
അഞ്ച് മുതൽ 11 വരെ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിൽ സുരക്ഷാ ആശങ്കകൾ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വാക്സിൻ ഡയറക്ടർ കേറ്റ് ഒബ്രിയാനും വ്യക്തമാക്കി.
പ്രാഥമികഘട്ട കുത്തിവെപ്പ് കഴിഞ്ഞ 4 മുതൽ 6 മാസം വരെ പൂർത്തീകരിച്ച മുതിർന്നവർ, ആരോഗ്യ പ്രവർത്തകർ അടക്കമുള്ള മുൻഗണനാ വിഭാഗക്കാർക്ക് ഫൈസർ വാക്‌സിന്‍റെ ബൂസ്റ്റർ ഡോസുകൾ നൽകണമെന്നും വിദഗ്ധ സമിതി ശിപാർശ ചെയ്യുന്നു.
അമേരിക്ക, കാനഡ, ഇസ്രായേൽ, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഫൈസർ വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.