എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയോയെന്ന് പേടിയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
എംകെ മുനീര്‍ പത്ത് കൊല്ലം മുമ്പ് പറഞ്ഞു. എല്ലാ മതേതര പാര്‍ട്ടികളിലും എന്‍ഡിഎഫ് നുഴഞ്ഞു കയറിയിരിക്കുകയാണ്. അന്ന് എന്‍ഡിെഫായിരുന്നു. ഇന്ന് നിങ്ങള്‍ നോക്കൂ, ബിജെപിയൊഴിച്ച് എല്ലാ പാര്‍ട്ടികളിലും നുഴഞ്ഞു കയറി. ഞങ്ങള്‍ക്കും ഇപ്പോള്‍ പേടിയുണ്ട്. എനിക്ക് തുറന്ന് പറയുന്നതില്‍ മടിയില്ല. കുറച്ചൊക്കെ പേടി ഞങ്ങള്‍ക്കുമുണ്ട്, കെ സുരേന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച ജനകീയ പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിനെതിരായ ജനകീയ പ്രതിരോധമെന്ന നിലയില്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. ആയിരക്കണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് നിയന്ത്രണ ലംഘിച്ചതിന് പരിപാടിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.