സൗദിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു;വ്യാപനം തടയാൻ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു




News Desk

സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തി എഴുനൂറിനും മുകളിലെത്തി. വൈറസ് വ്യാപനം തടയാൻ പൊതുആരോഗ്യ അതോറിറ്റി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ബസ് യാത്രക്കാർക്കും മസാജ് സെന്റുകളിലെത്തുന്നവർക്കും പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി.

കഴിഞ്ഞ ദിവസം ആയിരത്തിന് മുകളിലെത്തിയ പ്രതിദിന കേസുകൾ ഇന്ന് വീണ്ടും ഉയർന്ന് 1,746 ലെത്തി. ഇതുൾപ്പെടെ 8,217 പേർ വിവിധ ആശുപത്രികളിൽ കോവിഡ് ചികിത്സയിലുണ്ട്. റിയാദ്, ജിദ്ദ, മക്ക എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. പ്രതിദിന കേസുകളിലെ വർധന രൂക്ഷമായതോടെയാണ് പൊതുആരോഗ്യ അതോറിറ്റി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. നഗരങ്ങൾക്കുള്ളിലെ ബസ് യാത്രക്കാർ ബസ് സ്റ്റേഷനിലും ബസിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

ദൂര യാത്രയ്ക്ക് മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് മാത്രമേ ബസിലേക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂ. ഓരോ യാത്രക്കാർക്കിടയിലും ഒരു സീറ്റ് ഒഴിച്ചിടണം. എന്നാൽ ഒരു കുടുംബത്തിലെ യാത്രക്കാർക്ക് അടുത്തടുത്തിരുന്ന് യാത്ര ചെയ്യാം. ബസിന്റെ മുൻ വാതിൽ വഴി അകത്തേക്ക് പ്രവേശിക്കുകയും പിൻവാതിൽ വഴി പുറത്തിറങ്ങുകയും ചെയ്യണം. മസാജ് കേന്ദ്രങ്ങളിലെത്തുന്ന ഓരോരുത്തരും ടവൽ സോപ്പ് പോലുള്ളവ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. മസാജ് സെന്ററുകൾക്കുള്ളിലും മാസ്‌ക് ധരിക്കുകയും സാമുഹിക അകലം പാലിക്കുകയും വേണം. സ്റ്റീം റൂമുകൾ ഒരേ സമയം ഒന്നിൽ കൂടുതൽ പേർ ഉപയോഗിക്കാൻ പാടില്ലെന്നും അതോറിറ്റി നിർദ്ദേശിച്ചു.