കോവിഡ്​ വ്യാപനം: ഒമാനിൽ ജുമുഅ നമസ്കാരം നിർത്തിവെക്കാൻ സുപ്രീം കമ്മറ്റി തീരുമാനം




News Desk


മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പ്രാർഥന നിർത്തിവെക്കാൻ സുപ്രീം കമ്മറ്റി തീരുമാനിച്ചു. എന്നാൽ മസ്ജിദുകളിൽ സാധാരണ പ്രാർഥനകൾ തുടരും. പള്ളികളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മസ്ജിദുകളിൽ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിർദ്ദേശിച്ച കോവിഡ് മുൻകരുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

തൊഴിലിടങ്ങളിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. ജീവനക്കാരിൽ പകുതിപേർ മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യണമെന്നുമാണ് സുപ്രീം കമ്മറ്റി നിർദ്ദേശം.

സമ്മേളനങ്ങളും പ്രദർശനങ്ങളും അടക്കം പൊതു സ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റി വെക്കണം. ഇത്തരം പരിപാടികൾ നടത്തുകയാണെങ്കിൽ കാഴ്ചക്കാരില്ലാതെ നടത്തണം.

റസ്റ്റോറൻറുകൾ, കഫെകൾ, കടകൾ, മറ്റു ഹാളുകൾ എന്നിവിടങ്ങളിൽ സുരക്ഷ മാനദന്ധങ്ങൾ പൂർണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ 50 ശതാമനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്സിനേഷൻ, സാമൂഹിക അകലം, മാസ്കുകൾ ധരിക്കൽ തുടങ്ങിയവ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശത്തിലുണ്ട്​.