ദുബൈ: വിദേശത്തുനിന്നെത്തുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ ക്വാറന്റീൻ തുടങ്ങി. ചൊവ്വാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. ഏഴ് ദിവസം ക്വാറന്റീന് ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയർസുവിധയിൽ അപ്ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്. ഈ സാഹചര്യത്തിൽ നാട്ടിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. യാത്രക്ക് മുമ്പ് സെൽഫ് ഡിക്ലറേഷൻ ഫോം എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം. www.newdelhiairport.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നെഗറ്റിവ് ഫലം അപ്ലോഡ് ചെയ്യണം. ഇതിന്റെ കോപ്പി കൈയിൽ കരുതണം (മൊബൈലിൽ കാണിച്ചാൽ പോര). അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല
നാട്ടിലെ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയാണ് നടത്തുന്നത്. രണ്ട് ശതമാനം യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കും. എയർലൈനുകളാണ് ഇവരുടെ ലിസ്റ്റ് തയാറാക്കുന്നത്. അതിൽ ചിലപ്പോൾ നിങ്ങളുമുണ്ടാകാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല. എല്ലാ യാത്രക്കാരും ഏഴുദിവസം ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം ആർ.ടി.പി.സി.ആർ എടുത്ത ശേഷം എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം. നെഗറ്റിവാകുന്നവർ ഏഴുദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. പോസിറ്റിവാകുന്നവർ ഐസൊലേഷനിൽ കഴിയണം. ഇവരുടെ റിസൽട്ട് കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയക്കും. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുവരുന്ന എല്ലാ യാത്രക്കാരും. നാട്ടിലെ വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്ക് വിധേയരാകണം. ഗൾഫ് രാജ്യങ്ങളൊന്നും ഹൈ റിസ്ക് പട്ടികയിൽ ഇല്ല. കടൽമാർഗവും കരമാർഗവും എത്തുന്നവർക്കും ഈ നിർദേശങ്ങൾ ബാധകമായിരിക്കും.