രാജ്യത്ത് ഒരിടവവളക്ക് ശേഷം വീണ്ടും കോവിഡ്ബാധ രൂക്ഷം; 3.06 ലക്ഷം പുതിയ രോഗികൾ


News Desk

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3.06 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.95 കോടിയായി ഉയർന്നു. ലോകത്ത് അമേരിക്കക്ക് പിന്നിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 14,74,753 പരിശോധനകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഞായറാഴ്ച 3.33 ലക്ഷം കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്.

439 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 2,43,495 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,68,04,145 പേർ രോഗമുക്തരായി. 22,49,335 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 20.75 ശതമാനമായി ഉയർന്നു.

ദേശീയ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി 162.26 കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.