അബൂദബി: എമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഇ.ഡി.ഇ സ്കാനറുകള്‍ ഉപയോഗിച്ചുള്ള കോവിഡ് പരിശോധന തുടങ്ങി. ഒരാളുടെ പരിശോധനാ രണ്ട് സെക്കൻഡിൽ തീരുമെന്നതിനാല്‍ കോവിഡ് പരിശോധനകളുടെ പേരില്‍ ചെക്ക്പോയൻറുകളില് വാഹനങ്ങള്‍ കടന്നുപോവുന്നതിന് സമയനഷ്ടമുണ്ടാവുന്നില്ല. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായാണ് അധികൃതര്‍ ഇ.ഡി.ഇ സ്കാനറുകള്‍ അതിര്‍ത്തി ചെക്പോയൻറുകളില് വിന്യസിക്കാന്‍ തീരുമാനിച്ചത്. അതിര്‍ത്തികളില്‍ വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പകരം ടെക്നീഷ്യന്മാരാണ് ഇപ്പോള്‍ കൂടുതലായുള്ളത്. മൊബൈല്‍ സ്കാനിങ് ഉപകരണം വെച്ചാണ് സ്കാനിങ് നടത്തുന്നത്. അതിര്‍ത്തി കടന്നെത്തുന്നവരുടെ മുഖത്തിനുനേരെ മൊബൈൽ പിടിച്ച് സ്കാന്‍ ചെയ്യുന്നതിലൂടെ കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ അതിവേഗം കണ്ടെത്താനും കഴിയും
ഇങ്ങനെ കണ്ടെത്തുന്നവരെ തൊട്ടടുത്തുള്ള കോവിഡ് പരിശോധനാകേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇവിടെ ആൻറിജന്‍ പരിശോധനക്ക് വിധേയരാക്കും. സൗജന്യമായാണ് പരിശോധന നടത്തുന്നത്. ആൻറിജന്‍ പരിശോധനയില്‍ പോസിറ്റിവ് ഫലം കാണുന്ന അബൂദബി എമിറേറ്റിന് പുറത്തുള്ളവരെ മടക്കി അയക്കും. ഒപ്പം അതത് എമിറേറ്റുകളിലെ ആരോഗ്യവിഭാഗത്തിലേക്ക് ഫലം അറിയിക്കുകയും ചെയ്യും
എന്നാല്‍, അബൂദബി വിസക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഇവര്‍, വീട്ടിലോ താമസസ്ഥലത്തോ നിശ്ചിത ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതുണ്ട്. പുറത്തു പോവുന്നതും മറ്റും തടയുന്നതിനായി കൈയില്‍ റിസ്റ്റ് വാച്ച് ധരിപ്പിക്കും. നിശ്ചിത ദിവസങ്ങള്‍ക്കുശേഷം പി.സി.ആര് ടെസ്റ്റ് എടുത്ത് ഫലം നെഗറ്റിവായി വാച്ച് അഴിച്ചുമാറ്റിയാല്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്. ഷോപ്പിങ് മാളുകളിലും വിമാനത്താവളങ്ങളിലും നേരത്തേമുതല്‍ ഇ.ഡി.ഇ സ്കാനറുകള്‍ അബൂദബിയില്‍ സജ്ജമാക്കിയിരുന്നു.
ഞായറാഴ്ച മുതലാണ് കര അതിര്‍ത്തികളിലെ പ്രവേശനകവാടങ്ങളില്‍ സ്കാനറുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.