ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി . കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ ഉപേക്ഷിച്ച കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപം അന്നപ്പുരക്കൽ ജങ്ഷനിലെ ആളൊഴിഞ്ഞ പറമ്പിലാണ് കാർ കണ്ടെത്തിയത്. സ്കൂട്ടറിൽ രാത്രി വീട്ടിലേക്ക് മടങ്ങുേമ്പാൾ കാറിടിച്ച് വീഴ്ത്തിയാണ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്നലെ മുതൽ സംശയാസ്പദമായ നിലയിൽ കാർ കിടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. മാരാരിക്കുളം പൊലീസ് എത്തി കാർ പ്രതികളുടെത് തന്നെയെന്ന് സ്ഥിരീകരിച്ചു
കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബിജെപി പ്രവർത്തകരായ പ്രസാദ്, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകരാണ് പിടിയിലായവരെന്ന് ആലപ്പുഴ എസ്.പി പറഞ്ഞു. ഗൂഢാലോചനയിലും ആസൂത്രണത്തിലുമടക്കം പങ്കെടുത്തവരാണ് പിടിയിലായതെന്ന് എസ്.പി പറഞ്ഞു.
പ്രസാദിന് കൊലപാതകത്തിൽ നിർണായകമായ പങ്കുണ്ടെന്നും ആസൂത്രണത്തിനടക്കം നേതൃത്വം നൽകിയത് പ്രസാദാണെന്നും എ.ഡി.ജിപി വിജയ് സാഖറെ പറഞ്ഞു. കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരൻ പ്രസാദാണ്. കൊലപാതകത്തിൽ 10 പേർക്ക് പങ്കുള്ളതായാണ് പൊലീസിന് ബോധ്യപ്പെട്ടതെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായും എ.ഡി.ജിപി പറഞ്ഞു.
ബി.ജെ.പി നേതാവ് അഡ്വ. രജ്ഞിത് ശ്രീനിവാസനെ വധിച്ച കേസിൽ 12 പേർക്ക് പങ്കുള്ളതായാണ് പൊലീസിന്‍റെ കണ്ടെത്തലെന്നും കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും എ.ഡി.ജി.പി പറഞ്ഞു. ഈ കേസിലുൾപ്പെട്ടവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ആലപ്പുഴയിൽ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കൾ കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ നേതാവ് ഷാൻ സ്കൂട്ടറിൽ രാത്രി വീട്ടിലേക്ക് മടങ്ങുേമ്പാൾ കാറിെലത്തിയ സംഘംഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 7.30 ഒാടെ വെേട്ടറ്റ ഷാൻ മരിക്കുന്നത് രാത്രി 12.15 ഒാടെയാണ്.
മണിക്കൂറുകൾക്കകം, ഞായറാഴ്ച രാവിലെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലാണ് ബി.ജെ.പി നേതാവ് അഡ്വ. രജ്ഞിത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. ഇടവഴിയൂടെ സഞ്ചരിച്ചെത്തിയ അക്രമിസംഘം വീട്ടിൽ വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു.