രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം; ആരുടെ കാലുപിടിക്കാനും തയ്യാറെന്ന് സുരേഷ് ​ഗോപി




News Desk

രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാനായി ആരുടെ കാലുപിടിക്കാനും താൻ തയ്യാറാണെന്ന് സുരേഷ് ​ഗോപി എം.പി. അച്ഛൻ എന്ന നിലയിൽ ഇത്തരം കൊലപാതകങ്ങൾക്ക് ഇരയായവരുടെ കുട്ടികളുടെ സങ്കടം കണ്ടു നിൽക്കാനാവുന്നില്ല. ഒരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ സമാധാനം കൂടിയാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി.ജെ.പി നോതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കൊലപാതകങ്ങൾ തകർക്കുന്നത് രാജ്യത്തിന്റെ വളർച്ചയെയാണ്. ആര് കൊല്ലപ്പെട്ടാലും അത് ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. മരണപ്പെട്ടവരുടെ കുഞ്ഞുങ്ങൾ മാത്രമല്ല. സമുഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ ഇതു കളങ്കമായി മാറുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയാളികൾക്കായി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കർണാടകയിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നിലവിൽ രഞ്ജിത്തിന്റെ കൊലയാളികൾക്കായി തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് കർണാടകയിലും അന്വേഷണം നടത്തുന്നത്.