News Desk
ആലപ്പുഴ: രാഷ്ട്രീയ എതിരാളികൾ പ്രിയ മകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ വേദന അടക്കാനാവാതെ ആലപ്പുഴയിൽ ഇന്നലെ െകാല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് അഡ്വ. ഷാനിന്‍റെ പിതാവ് സലീം. 'ഞാൻ ഏറെ കഷ്ടപ്പെട്ട് വളർത്തിയ എന്‍റെ മകനെ ചോരകുടിയന്മാരായ ബി.ജെ.പിക്കാർ കൊന്നു. അതിന് പ്രതിഫലമായി ആരെയൊക്കെ െകാന്നാലും എന്‍റെ ചെറുമക്കൾ അനാഥരായത് പോലെ ഓരോ കുടുംബത്തിലെയും കുഞ്ഞുങ്ങൾ അനാഥരാവുകയേ ഉള്ളൂ. രണ്ട് കുഞ്ഞുങ്ങളാണ് ഇവിടെ വഴിയാധാരമായത്. രാഷ്ട്രീയം രാഷ്ട്രീയമായി കാണുന്ന മനസ്ഥിതി കേരളത്തിൽ ഉണ്ടാവണം' -അദ്ദേഹം വാക്കുകൾ മുഴുമിപ്പിക്കാനാവാതെ വിതുമ്പി.
എന്‍റെ സുഹൃത്തുക്കളിൽ ബി.ജെ.പിക്കാരും സി.പി.എമ്മുകാരുമെല്ലാം ഉണ്ട്. ഞങ്ങളെല്ലാം സാഹോദര്യത്തോടെയാണ് കഴിയുന്നത്. അതുപോലെ തന്നെയാണ് എന്‍റെ മോനും. ഈ ക്രൂരത ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. അവനങ്ങനെ ആരെയും അക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല. ആർക്കെങ്കിലും സഹായം ചെയ്യുകയല്ലാതെ ആരെയും ദ്രോഹിക്കുന്ന സ്വഭാവം അവനില്ല. അവന്‍റെ പേരിൽ കേസുകളൊന്നുമില്ല. രാഷ്ട്രീയമായി അവൻ വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചു എന്നതൊഴിച്ചാൽ ആർക്കും ഒരു ബുദ്ധിമുട്ടും ഇത്രയും കാലത്തിനിടക്ക് അവൻ ചെയ്തിട്ടില്ല. ഞാൻ ഏറെ കഷ്ടപ്പെട്ട് വളർത്തിയതാണ്. എനിക്ക് എന്‍റെ മകൻ നഷ്ടപ്പെട്ടു. അതിന്‍റെ പേരിൽ ഇനി എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടാലും അതിലെല്ലാം ഓരോ കുടുംബത്തിലെയും കുഞ്ഞുങ്ങൾ വഴിയാധാരമാവുകയാണ് ചെയ്യുക
രാഷ്ട്രീയം രാഷ്ട്രീയമായി കാണുന്ന മനസ്ഥിതി കേരളത്തിൽ ഉണ്ടാവണം. കഷ്ടപ്പെട്ട് മക്കളെ വളർത്തിയ പിതാക്കൻമാർക്ക് മക്കളെ നഷ്ടപ്പെടുന്നു. അവർ ഏതെങ്കിലും ആശയത്തിൽ വിശ്വസിച്ചതിന്‍റെ പേരിൽ കൊലെപ്പടുത്തുക എന്നത് വേദനാജനകമായ കാര്യമാണ്. ഞാൻ വാർധക്യത്തിലെത്തി. ഈ മക്കളെ വളർത്താനോ സഹായിക്കാനോ പറ്റാത്ത സ്ഥിതിവിശേഷമാണ്. ഈ ക്രൂരത കാണിക്കാൻ അവർക്കുണ്ടായ മനസ്സ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല
രക്തം കൊതിക്കുന്ന കാപാലികർക്ക് ആരുടെയെങ്കിലും രക്തം കുടിച്ചാൽ മതിയല്ലോ.. മറ്റുള്ളവരുടെ വേദനയെക്കുറിച്ച് അവർക്ക് അറിയേണ്ടതില്ലല്ലോ. അങ്ങനെ ഒരു സമൂഹം ഇവിടെ വളർന്നു വരുന്നുണ്ട്.. എനിക്കെന്‍റെ മകൻ നഷ്ടമായി..'- സലീം പറഞ്ഞു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനെ വെട്ടിക്കൊന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന ഷാനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജംങ്ഷനിലായിരുന്നു സംഭവം.
ഈ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ ആറു മണിയോടെയാണ് ആലപ്പുഴ നഗരപരിധിയിൽ രണ്ടാമത്തെ കൊലപാതകം നടന്നത്. ബി.ജെ.പിയുടെ സഹസംഘടനായ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. വീടിനുള്ളിൽ വെച്ച് അമ്മയും ഭാര്യയും നോക്കിനിൽക്കെ അക്രമിസംഘം വെട്ടുകയായിരുന്നു. ഇരു കൊലപാതകത്തിലുമായി 50ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.