കേരളത്തില്‍ രാത്രി കർഫ്യൂ പ്രാബല്യത്തിൽ; രാത്രി പുറത്തിറങ്ങാൻ സ്വയം സാക്ഷ്യപത്രം നിർബന്ധം ന്യുയർ ആഘോഷം പത്ത്‌ മണിക്ക് ശേഷം അനുവദിക്കില്ല




News Desk

ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രി നിയന്ത്രണം പ്രാബല്യത്തില്‍. രാത്രി 10 പുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണമുള്ളത്. ആദ്യ ദിവസമായതിനാല്‍ പലയിടത്തും കര്‍ശന നടപടികളിലേക്ക് പൊലീസ് കടന്നില്ല.

ഇന്ന് മുതല്‍ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കയ്യില്‍ കരുതണം. പുതുവത്സര ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇന്ന് രാത്രി 10 മണിക്ക് ശേഷം അനുവദിക്കില്ല. ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ബാറുകൾ എന്നിവ ഉള്‍പ്പെടെ 10 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ആരാധനാലയങ്ങള്‍ക്കും തിയറ്ററുകള്‍ക്കും രാത്രി 10 മണിക്കു ശേഷമുള്ള നിയന്ത്രണം ബാധകമാണ്. ശബരിമല, ശിവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം

ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. നൈജീരിയയിൽ നിന്ന് മഹാരാഷ്ട്രയിലെത്തിയ 52കാരൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മരണശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾ ഒമിക്രോൺ ബാധിതനായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.

ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ഇദ്ദേഹത്തിന്റെ സാമ്പിൾ അയച്ചു. ഇന്നലെ പരിശോധനാഫലം പുറത്ത് വന്നപ്പോഴാണ് ഇദ്ദേഹം ഒമിക്രോൺ ബാധിതനായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. മരണത്തിന്‍റെ പശ്ചാത്തലത്തിൽ ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി. മഹാരാഷ്ട്രയിൽ അതീവ ജാഗ്രതാ നിർദേശവും നൽകി. സംസ്ഥാനത്ത് 198 പേർക്കാണ് വ്യാഴാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 450 ആയി. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മുംബൈയിലാണ്. രോഗ വ്യാപനത്തെ തുടർന്ന് ജനുവരി 7 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 961 ആയി ഉയർന്നു. ഇതിൽ 320 രോഗികളും ഇതിനോടകം രോഗമുക്തരായി.