പയ്യന്നൂർ: പെരുമ്പയിലെ വ്യാപാരിക്കെതിരെ എസ്.ഐയുടെ മകളുടെ പീഡന പരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സംഭവത്തിൽ കാനായി സ്വദേശിയായ എസ്.ഐക്കെതിരെ വകുപ്പുതല നടപടിക്ക് ജില്ല പൊലീസ് മേധാവിയുടെ ശിപാർശ.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു എസ്.ഐ സ്വന്തം മകളെക്കൊണ്ട് പെരുമ്പയിലെ വ്യാപാരിയായ ഷമീമിനെതിരെ പോക്സോ പരാതി കൊടുപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 19ന് പെരുമ്പയിലെ ബേക്കറിയിൽ കേക്ക് വാങ്ങിക്കാനായി എത്തിയ എസ്.ഐ കാർ അടുത്തുള്ള ടയർ സർവിസ് കടയുടെ മുന്നിൽ നിർത്തിയിട്ടു.
സർവിസിനായി എത്തുന്ന മറ്റു വാഹനങ്ങൾക്ക് തടസ്സമാകുന്നതിനാൽ കാർ മാറ്റിയിടാൻ ഷമീം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിറ്റേന്ന് പൊലീസ് യൂനിഫോമിൽ ജീപ്പുമായി കടയിലെത്തി കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഇതിനെതിരെ ഷമീം ജില്ല പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ഉദ്യോഗസ്ഥെൻറ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതിനാൽ എസ്.ഐയെ സ്ഥലം മാറ്റി. ഇതോടെ സ്വന്തം മകളെ കൊണ്ട് ഷമീമിനെതിരെ പീഡന പരാതി നൽകുകയായിരുന്നു.
എസ്.പിയുടെ നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജ് കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് വകുപ്പുതല നടപടിക്ക് ശിപാർശയുണ്ടായത്.