മന്ത്രി അബ്ദുറഹ്മാൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്, ചിലവ് സർക്കാർ വഹിക്കും





News Desk

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. യാത്രയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. യാത്രയുടെയും ചികിത്സയുടെയും ചിലവുകൾ സർക്കാർ വഹിക്കും. ഡിസംബര്‍ 25നാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കുക. ജനുവരി 15 വരെയാണ് യാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. 

ന്യൂയോര്‍ക്കിലെ ജോണ്‍സ് ഹോപ്കിന്‍സ് ഔട്ട്‌പേഷ്യന്റ് സെന്ററിലാണ് മന്ത്രിക്ക് ചികില്‍സ. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ മന്ത്രി ചികിത്സ തേടിയിരുന്നു. കൂടുതൽ ചികിത്സ ആവശ്യമായ സാഹചര്യത്തിലാണ് വിദേശത്തേക്ക് പോകുന്നത്. 

മലപ്പുറം താനൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച കഴിഞ്ഞ രണ്ട് തവണയും അബ്ദുറഹ്മാൻ നിയമസഭയിലെത്തി. ആരോഗ്യപ്രശ്നങ്ങൾ കാരണം ഇത്തവണ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പാർട്ടി നിർദ്ദേശ പ്രകാരം ഇടത് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. തുടർന്ന് കായിക, ഹജ്ജ് വകുപ്പ് ചുമതലയേറ്റെടുത്തു. 

കോൺഗ്രസുകാരനായ അബ്ദുറഹ്മാൻ തിരൂർ നഗരസഭാ വൈസ് ചെയർമാൻ ആയിരുന്നു. പിന്നീട് പാർട്ടി വിട്ട അദ്ദേഹം 2014 ൽ പൊന്നാനി നിയമസഭയിൽ നിന്ന് ഇ ടി മുഹമ്മദ് ബഷീറുമായി മത്സരിച്ച് പരാജയപ്പെട്ടു. 2016 ൽ അബ്ദുറഹ്മാൻ രണ്ടത്താണിയോട് മത്സരിച്ച് ജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 


കേരളത്തിന്റെ പ്രതിനിധിയായി ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കാൻ താൻ പോകുമെന്ന് അബ്ദുറഹ്മാൻ അറിയിച്ചത് വലിയ ചർച്ചയായിരുന്നു. സ്വന്തം ചെലവിൽ പോകുമെന്നായിരുന്നു മന്ത്രി അറിയിച്ചത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ രാജ്യങ്ങളുടെ പ്രതിനിധികളെ പോലും അനുവദിച്ചിട്ടില്ലെന്ന് മന്ത്രിക്ക് അറിയില്ല എന്ന പരിഹാസങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രിക്ക് പോവാന്‍ പറ്റിയിരുന്നില്ല.