കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പദ്മരാജന്‍റെ പുനരന്വേഷണ ഹരജി സർക്കാർ എതിർക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ്. ഇക്കാര്യമുന്നയിച്ച് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോക്സോ പ്രകാരമുള്ള വകുപ്പുകൾ ചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കേ പുനരന്വേഷണത്തിന് പ്രതി ആവശ്യപ്പെട്ടത് രക്ഷപ്പെടാൻ വേണ്ടിയാണെന്ന് ജബീന ഇർഷാദ് ചൂണ്ടിക്കാട്ടി. ''ചൊവ്വാഴ്ച തലശ്ശേരി കോടതി പരിഗണിക്കുന്ന കേസിൽ സർക്കാർ നിലപാട് വളരെ നിർണ്ണായകമാണ്. താങ്കളുടെ സർക്കാർ ഏറെ പഴി കേട്ട കേസിൽ ഈ ഘട്ടത്തിലെങ്കിലും കൃത്യമായ നടപടികളെടുക്കണം. സ്വന്തം വിദ്യാർഥിനിയെ സ്കൂളിൽ വെച്ച് അധ്യാപകൻ പീഡിപ്പിച്ച കേസിൽ പ്രതി രക്ഷപ്പെട്ടാൽ അത് കേരളത്തിന് നൽകുന്ന സന്ദേശവും പ്രത്യാഘാതവും ഗുരുതരമായിരിക്കും" - അവർ കത്തിൽ സൂചിപ്പിച്ചു.