ആലപ്പുഴ കൊലപാതകങ്ങളിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നിരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കലക്ടർ നാളെ സർവകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ട് മൂന്നുമണിക്ക് ആലപ്പുഴ കലക്ട്രേറ്റിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.