നമ്മ ആട്ടം സുമ്മാ വെറിത്തനമാര്‍ക്കും''; ചെന്നൈയെ 3:0!ന് തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്




ഇന്ത്യന്‍ സൂപ്പ്ര്‍ ലീഗില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മികച്ച പ്രകടനങ്ങള്‍ തുടരുന്നു. ഇന്ന് ചെന്നൈയിന് എതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍്കാണ് കേരളം ചെന്നൈയിനെ തകര്‍ത്തത്. 

പ്രതിരോധ ഫുട്ബോളിന്റെ ആശാന്മാരായ ചെന്നൈയിന്‍ സീസണില്‍ ഏറ്റവും കുറച്ചു ഗോളുകള്‍ വഴങ്ങിയ ടീമാണ്. അവര്‍ക്കെതിരേയാണ് മൂന്നു ഗോളുകള്‍ അടിച്ചു കയറ്റിയത്. യുവാന്‍ പെരേര, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്.

മുംബൈക്ക് എതിരെ 3-0ന് ജയിച്ച മത്സരത്തില്‍ ഇറങ്ങിയ അതേ ഇലവനെ ആണ് ഇന്ന് ഇവാന്‍ വുകമാനോവിച് ഇറക്കിയത്. ഇതിന്റെ ഗുണം പത്താം മിനുട്ടില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. പത്താം മിനുട്ടില്‍ പ്യൂടിയ നല്‍കിയ മനോഹരമായ ലോബ് ബോള്‍ കൈക്കലാക്കി മുന്നേറിയ പെരേര ഡിയസ് ബ്ലാസ്‌റ്റേഴ്‌സിനു ലീഡ് നല്‍കി. 

39-ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗോളും നേടി. സഹലാണ് രണ്ടാം ഗോള്‍ നേടിയത്. സഹലിന്റെ ആദ്യ ഷോട്ട് ചെന്നൈയിന്‍ ഡിഫന്‍സ് തടഞ്ഞു എങ്കിലും റീബൗണ്ടില്‍ മലയാളി താരം വല കണ്ടെത്തി. സഹലിന്റെ സീസണിലെ മൂന്നാം ഗോളാണ് ഇത്. 

പിന്നീട് ബോക്‌സിന്റെ മധ്യത്തില്‍ നിന്നു ലൂണ തൊടുത്ത ഷോട്ടും കൊമ്പന്മാരുടെ ഗാംഭീര്യം ഉയര്‍ത്തുകയായിരുന്നു. ജയത്തോടെ പോയിന്റ് നിലയില്‍ 12 പോയിന്റ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനത്ത് എത്താനും ബ്ലാസ്‌റ്റേഴ്‌സിനായി.