14കാരനെ സുഹൃത്തുകൾ ചേർന്ന്‌ കൊലപ്പെടുത്തിയ ശേഷം കൈകാലുകൾ വെട്ടിമാറ്റി; മൃതദേഹം വനത്തിൽ തള്ളി




News Desk

പതിനാലുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കൈകാലുകള്‍ വെട്ടിമാറ്റി മൃതദേഹം ചാക്കിലാക്കി വനത്തില്‍ തള്ളി. ഝാര്‍ഖണ്ഡിലെ ദിയോഘർ ജില്ലയിലുള്ള കാട്ടിലാണ് തള്ളിയത്. 

കഴിഞ്ഞ ദിവസം രാത്രി ദുരൂഹസാഹചര്യത്തിൽ കാണാതായെന്ന് കാണിച്ച് 14കാരന്‍റെ കുടുംബം ബുധനാഴ്ച പരാതി നൽകിയതായി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പവൻ കുമാർ പറഞ്ഞു. അന്വേഷണത്തിനിടെ കുട്ടിയുടെ സുഹൃത്ത് കൂടിയായ കുമാര്‍ എന്ന 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി 8.30ഓടെ ജാസിദിഹ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രോഹിണി ഗ്രാമത്തിലുള്ള തന്‍റെ വീടിന് പുറത്ത് സുഹൃത്തിനെ കണ്ടുവെന്നും കുമ്രാബാദ് സ്റ്റേഷൻ റോഡിലേക്ക് പോയതായും മറ്റൊരു സുഹൃത്ത് അവിനാഷ് (19) അവരോടൊപ്പം ഉണ്ടായിരുന്നതായും കുമാര്‍ പൊലീസിനോട് പറഞ്ഞു. മൂവരും പഴങ്ങാ പഹാഡ് കാട്ടിലേക്ക് പോകുന്നതിനിടെ അവിനാശും മരിച്ച കുട്ടിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉടന്‍ തന്നെ അവിനാശ് കത്തിയെടുത്ത് കുത്തുകയും കഴുത്ത് അറുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

കൊലപ്പെടുത്തിയ ശേഷം അവിനാശ് കൈകളും കാലുകളും വെട്ടിമാറ്റിയ ശേഷം ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലാക്കി കാട്ടിൽ തള്ളുകയായിരുന്നുവെന്ന് കുമാർ പറഞ്ഞു. മൃതദേഹം കണ്ടെടുത്ത പൊലീസ് അവിനാശിനെ അറസ്റ്റ് ചെയ്തു. അവിനാശ് പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. രക്തം പുരണ്ട കത്തിയും ഇരയുടെ മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.