മുസ്ലിം ജീവിത പരിസരങ്ങളെ യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിധം സിനിമകളിൽ ഏറ്റവും വികൃതമായി ചിത്രീകരിക്കുന്നു എന്ന വിമർശനം പണ്ടുമുതലേ കേൾക്കുന്ന സംവിധായകനാണ് പ്രിയദർശൻ. ചരിത്രത്തിലെ മികച്ച പോരാളിയായ കുഞ്ഞാലി മരക്കാറെ കുറിച്ച് സിനിമ എടുത്തപ്പോഴും പ്രിയൻ ആ 'പേരുദോഷ'ത്തിന് കോട്ടം വരുത്താൻ തയ്യാറായിട്ടില്ല എന്നാണ് 'കുഞ്ഞാലി മരക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന സിനിമയുടെ ഹിന്ദി പതിപ്പ് കണ്ടവർ പറയുന്നത്.
മലയാളത്തിൽനിന്നും വിമർശനം ഭയന്ന് കട്ട് ചെയ്ത് ഒഴിവാക്കിയ ഭാഗം ഹിന്ദി പതിപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതിനെ സംബന്ധിച്ച് ഇപ്പോൾ സംവിധായകനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴയാണ്. മോഹൻലാൽ-പ്രിയദർശൻ ചിത്രം മരക്കാർ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതോടെ മലയാളത്തിൽ ഇല്ലാത്ത എന്നാൽ മറ്റു ഭാഷകളിൽ ഉള്ള ഒരു രംഗമാണ് ഇപ്പോൾ വിമർശിക്കപ്പെടുന്നത്. കുഞ്ഞാലി മരക്കാറും പട്ടുമരക്കാറും സാമൂതിരിയുടെ കൊട്ടാരത്തിൽ എത്തുന്ന രംഗത്തിലാണ് 'പതിനൊന്ന് കെട്ടിയ' ഹാജിയാരുടെ രംഗമുള്ളത്. മാമുക്കോയയാണ് പതിനൊന്ന് കെട്ടിയ താനൂർ അബൂബക്കർ ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പോർച്ചുഗീസുകാർ ഇനിയും വരുമെന്നും അന്ന് ഇതുപോലെ ചക്ക വീണ് മുയൽ ചാവില്ലെന്നും പറയുന്ന അബൂബക്കറിനോട് പട്ടുമരക്കാർ ചോദിക്കുന്നത് 'തനിക്ക് എത്ര ഭാര്യമാർ ഉണ്ടെന്നാണ്?' പതിനൊന്ന് ഭാര്യമാർ എന്ന് ഉത്തരം പറയുന്ന ഹാജി ശരിക്കും എത്ര പേരുണ്ടെന്ന് എണ്ണി നോക്കാൻ വീട്ടിലേക്ക് പോവുന്നതോടെയാണ് സീൻ അവസാനിക്കുന്നത്. ഈ കഥാപാത്രത്തോട് സിദ്ദീഖിന്‍റെ പട്ടുമരക്കാർ, പണ്ട് കൊണ്ടോട്ടി മാർക്കറ്റിൽ വെച്ച് സ്ഥിരം തല്ല് വാങ്ങിയിരുന്ന ആളല്ലെയെന്നും പല്ല് കണ്ടാൽ തനിക്ക് തിരിച്ചറിയാമെന്നും പറയുന്നുണ്ട്.
ഈ രംഗം മലയാളത്തിൽ ഇറങ്ങിയ പതിപ്പിൽ ഇല്ല. എന്നാൽ തമിഴ് - ഹിന്ദി പതിപ്പുകളിൽ ഇത് ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഇതേതുടർന്ന് സിനിമക്കും പ്രിയദർശനുമെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
ഡിസംബർ 17നാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. മോഹൻലാൽ, നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ചരിത്രത്തോട് തീർത്തും നീതി പുലർത്താതെയാണ് കുഞ്ഞാലിമരക്കാറുടെ സിനിമ അണിയിച്ചൊരുക്കിയതെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരം അടക്കം ചിത്രം നേടിയിരുന്നു.