ഒരേ സമയത്ത് വില്ലനായും രക്ഷകാനയും ആഷിഖ് ബ്ലാസ്റ്റേഴ്സിന് സമനില




News Desk

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വില്ലനായും രക്ഷകനായും അവതരിച്ച് ബാംഗ്ലൂർ എഫ്‌സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ. ആദ്യ ഗോളടിച്ചായിരുന്നു ആഷിഖ് ബ്ലാസ്റ്റേഴ്‌സിന്റെ വില്ലനായതെങ്കിൽ സെൽഫ് ഗോളിന്റെ രൂപത്തിലായിരുന്നു ആഷിഖ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായത്. അതോടെ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 

84ാം മിനുറ്റിലായിരുന്നു ബംഗ്ലൂരിനായി ആഷിഖ് ഗോൾ നേടിയത്. നാല് മിനുറ്റുകൾക്കിപ്പുറം 88ാം മിനുറ്റിൽ സെൽഫ് ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന് അർഹിക്കാത്ത സമനിലയും നൽകി. ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. പന്ത് അധിക സമയവും ബെംഗളൂരുവിന്റെ കാലിലായിരുന്നു. 

ഐഎസ്എല്ലിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനോട് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം റൗണ്ടിൽ നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിൽ സമനിലയിലെത്തുകയായിരുന്നു. മൂന്നു മത്സരങ്ങളില്‍ ഒന്നു വീതം വിജയവും തോല്‍വിയും സമനിലയുമുള്ള ബെംഗളൂരു നാല് പോയിന്റോടെ മൂന്നാമതാണ്