ബി.ജെ.പിക്കാരും ആര്‍.എസ്.എസുകാരും എന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കരുത് അഭ്യർത്ഥനയുമായി കർഷക കുടുംബം




News Desk

ചണ്ഡീഗഡ്: ബി.ജെ.പിക്കാരും ആര്‍.എസ്.എസുകാരും ജെ.ജ.പിക്കാരും തന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പിതാവ്. ഹരിയാനയിലാണ് സംഭവം.

വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് വ്യത്യസ്തമായ ക്ഷണക്കത്ത് തയ്യാറാക്കിയത്.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു ക്ഷണക്കത്ത് തയ്യാറാക്കിയത്.

ഡിസംബര്‍ ഒന്നാം തീയതി നടക്കുന്ന മകളുടെ വിവാഹത്തില്‍ നിന്ന് ബി.ജെ.പി, ആര്‍.എസ്.എസ്, ജെ.ജെ.പി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നാണ് ക്ഷണക്കത്തില്‍ അച്ചടിച്ചത്.

വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ധങ്കാറിന്റെ കുടുംബം വിവാഹ ക്ഷണക്കത്തിന്റെ കാര്യം സ്ഥിരീകരിച്ചതായും യു.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും അതിനാല്‍ പിന്നീട് കൂടുതല്‍ കാര്‍ഡുകള്‍ അച്ചടിക്കുകയായിരുന്നുവെന്നും ധങ്കര്‍ പറഞ്ഞു.