മൂവാറ്റുപുഴ: മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിലെത്തിയ അജ്ഞാതസംഘം ഉപദ്രവിച്ചതായി പരാതി. പായിപ്ര കിഴക്കേകടവ് എലിക്കാട്ട് ചിറക്കുസമീപം ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. മദ്റസയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ചുവന്ന സ്കൂട്ടറില്‍ എത്തിയവർ കൈയില്‍ കയറിപ്പിടിക്കുകയും വാഹനത്തിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു.
തൊട്ടുപിന്നിലായി എത്തിയ മറ്റു കുട്ടികള്‍ ബഹളംെവച്ചതോടെ സംഘം വാഹനവുമായി കടന്നുകളഞ്ഞു. കുട്ടികളുടെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അക്രമികളെയും വാഹനവും കണ്ടാല്‍ തിരിച്ചറിയുമെന്ന് കുട്ടികള്‍ പറഞ്ഞു. വിജനമായ ഈ പ്രദേശത്ത് രണ്ടു മാസംമുമ്പും സമാന രീതിയിൽ ആക്രമണം ഉണ്ടായിട്ടുണ്ട്.
എലിക്കാട്ട് ചിറയുടെയും സമീപത്തെ വിജനമായ പ്രദേശങ്ങളിലും വട്ടക്കാവിലും തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിനു പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. ലഹരി ഉപയോഗവും വിൽപനയും നടത്താൻ ദൂരദിക്കുകളില്‍നിന്ന് പോലും ഇവിടെ എത്തുന്നുണ്ട്. എലിക്കാട്ട് ചിറയില്‍ കുളിക്കാനെന്ന പേരിലാണ് സംഘമെത്തുന്നത്. വിജനമായ വട്ടക്കാവിലും സംഘം തമ്പടിക്കുന്നുണ്ട്.
ഇവരുടെ ലഹരി ഉപയോഗവും മറ്റും ചോദ്യംചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ലഹരി ഉപയോഗവും വിൽപനയും തടയണമെന്നും സാമൂഹിക വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനും ജനപ്രതിനിധികൾക്കും പലവട്ടം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.