ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ അന്വേഷണ പരിധിയിലെത്തിച്ച ഡിവൈ.എസ്.പിക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ച് സര്‍ക്കാര്‍. ഇതോടെ സാമ്പത്തികമായി തകര്‍ന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കെ.രാധാകൃഷ്ണന്‍ ഇതര സംസ്ഥാനങ്ങളില്‍ സെക്യൂരിറ്റി ജോലി നോക്കുകയാണ്. മുഖ്യമന്ത്രിയേ കണ്ട് അപേക്ഷിച്ചപ്പോള്‍ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്ന് രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സ്ഥാനക്കയറ്റത്തിലൂടെ ഐ.പി.എസ് നേടി ആറ് മാസം മുന്‍പ് വിരമിച്ച ഉദ്യോഗസ്ഥനാണ് കെ.രാധാകൃഷ്ണന്‍. ഇപ്പോള്‍ കര്‍ണാടകയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ചീഫ്. ആ ജോലിയും നഷ്ടമായേക്കാമെന്ന ആശങ്കയിലാണ് തകര്‍ന്ന് പോയ തന്റെ ജീവിതത്തേക്കുറിച്ച് അദേഹം പറയുന്നത്.
സി പി.എമ്മിന്റെ ഉപദ്രവമാണ് എല്ലാത്തിനും കാരണമെന്നാണ് രാധാകൃഷ്ണന്റെ ആക്ഷേപം. ഫസല്‍ വധത്തില്‍ സി.പി.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനിലേക്കും അന്വേഷണം തുടങ്ങിയത് കെ.രാധാകൃഷ്ണനാണ്. ആര്‍.എസ്.എസുകാരെ പ്രതിയാക്കണമെന്ന അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം തള്ളിയതും വൈരാഗ്യത്തിന് കാരണമായെന്ന് പറയുന്നു. പിണറായി സര്‍ക്കാരെത്തിയതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്ത ശേഷം വിരമിക്കും വരെ തിരിച്ചെടുത്തില്ല. അപേക്ഷയുമായി മുഖ്യമന്ത്രിയേ കണ്ടപ്പോളും അധിക്ഷേപം.
നാലര വര്‍ഷം നീണ്ട സസ്പെന്‍ഷന്‍ കാലയളവിലെ ആനുകൂല്യങ്ങളോ പെന്‍ഷനോ നല്‍കാത്തതാണ് ഐ.പി.എസുകാരനായ രാധാകൃഷ്ണനെ സെക്യൂരിറ്റിക്കാരനാക്കി മാറ്റിയത്. സഹായം തേടി പലതവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടും കണ്ടഭാവമില്ല.