അംബാനിയെ മറികടന്നു അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ




News Desk

മുംബൈ: അംബാനിയും അദാനിയും തമ്മിലുള്ള മത്സരത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കുമെന്ന്​ ബിസിനസ്​ ലോകം പ്രവചിച്ചിരുന്ന ആ നിമിഷം യാഥാർഥ്യമായി. റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കി വ്യവസായി ഗൗതം അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായതായി ഇക്കണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. അദാനി ഗ്രൂപ്പിന്‍റ ഓഹരികളില്‍ ഉണ്ടായ വന്‍ കുതിച്ചുചാട്ടവും റിലയൻസ്​ നേരിട്ട തിരിച്ചടിയുമാണ്​ ഗൗതം അദാനിക്ക്​ അംബാനിയെ മറികടക്കാന്‍ സഹായകരമായത്.

അദാനി എന്‍റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ് & സെസ്, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ അദാനി ഗ്രൂപ്പിന്​ കീഴിലുണ്ട്​.

കോവിഡ്​ കാലത്താണ്​ അദാനിയുടെ സമ്പത്ത്​ വൻതോതിൽ വളർന്നത്​. 2020 മാർച്ച് 18ന് അദ്ദേഹത്തിന്‍റെ മൊത്തം ആസ്​തി ഏകദേശം 4.91 ബില്യൺ ഡോളറായിരുന്നു. എന്നാൽ, ഇപ്പോഴത്​ 90 ബില്യൺ ഡോളറായി ഉയർന്നു. 1800 ശതമാനത്തിലധികമാണ്​ വർധിച്ചത്​.

അതേസമയം, സൗദി അറേബ്യയിലെ പെട്രോളിയം- പ്രകൃതി വാതക കമ്പനിയായ അരാംകോയുമായുള്ള കരാർ റിലയൻസ് ഇൻഡസ്ട്രീസ്​ റദ്ദാക്കിയതിന് പിന്നാലെ അംബാനിയുടെ അറ്റാദായത്തിൽ നേരിയ ഇടിവുണ്ടായി. 2020 നവംബറിൽ ഉള്ളതിനേക്കാൾ 14.3 ബില്ല്യണ്‍ ഡോളറാണ് അംബാനിക്ക്​ ഒരു വർഷം കൊണ്ട്​ ആകെ വർധിച്ചത്​. എന്നാൽ, അദാനിക്കാവ​ട്ടെ ഇതേ കാലയളവില്‍ 55 ബില്ല്യണ്‍ ഡോളർ വർധിച്ചു.

ആരംകോ- റിലയന്‍സ്​ കരാറില്‍ നിന്നുള്ള പിന്‍മാറ്റമാണ് ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ റിലയന്‍സിന് വന്‍ തിരിച്ചടി ഉണ്ടാക്കിയത്. ബോംബെ സ്റ്റോക്ക് എക്സേഞ്ചില്‍ റിലയന്‍സ് ഓഹരികളില്‍ 1.48 ശതമാനത്തിന്‍റെ വീഴ്ച സംഭവിച്ചു. 22,000 കോടിയോളമാണ് ഇത് മൂലം നഷ്ടം സംഭവിച്ചത്. മുകേഷ് അംബാനിക്ക് മാത്രം 11,000 കോടി നഷ്ടം സംഭവിച്ചെന്നാണ് കണക്ക്. അതേ സമയം അദാനി ഓഹരികളില്‍ 2.76 ശതമാനം ഉയര്‍ച്ചയാണ് ബുധനാഴ്ച ഉണ്ടായത്.