News Desk
മംഗളൂരു: മംഗളൂരുവിലെ വളച്ചിൽ ശ്രീനിവാസ് കോളജ് ഓഫ് ഫാർമസിയിലെ ബി.ഫാം രണ്ടാം വർഷവും മൂന്നാം വർഷവും പഠിക്കുന്ന ഒമ്പതു മലയാളി വിദ്യാർഥികളെ റാഗിങ് കേസിൽ മംഗളൂരു റൂറൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതേ കോളജിൽ ഒന്നാം വർഷ ബി.ഫാമിന് ചേർന്ന കാസർകോട് സ്വദേശിയായ അഭിരാജിനെ കോളജിൽനിന്ന് ഹോസ്റ്റലിലേക്ക് പോകുമ്പോൾ ഏതാനും വിദ്യാർഥികൾ ആക്രമിച്ചതായി അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുണ്ട്.
അഭിരാജ് അവധിക്ക് വീട്ടിൽ വന്നശേഷം കോളജിലേക്ക് തിരിച്ചുപോകാൻ താൽപര്യം കാണിക്കാത്തതിെൻറ കാരണം രക്ഷിതാക്കൾ തിരക്കിയപ്പോളാണ് റാഗിങ് വിഷയം അറിയുന്നത്. തുടർന്ന് പഠിക്കാൻ താൽപര്യമില്ലെന്നും ഫീസ് തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് കോളജ് അധികൃതരെ സമീപിച്ചപ്പോൾ ഫീസ് തിരികെ നൽകാനാവില്ലെന്ന് അറിയിച്ചു. ഫീസ് തിരികെ ലഭിക്കാൻ സഹായം അഭ്യർഥിച്ച് അഭിരാജിെൻറ പിതാവ് മംഗളൂരുവിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചപ്പോഴാണ് റാഗിങ് വിഷയം പുറത്തറിയുന്നത്.
ജനുവരി 10ന് കോളജിൽനിന്ന് ഹോസ്റ്റലിലേക്ക് പോകുമ്പോൾ അഭിരാജിനെ പ്രതികളായ വിദ്യാർഥികൾ മുടിയും മീശയും വെട്ടാൻ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് ജനുവരി 12ന് ഈ വിദ്യാർഥികൾ മുടിയും മീശയും വെട്ടാത്തതിന് അഭിരാജിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും മുഖത്ത് അടിക്കുകയുമായിരുന്നു. കുറ്റാരോപിതരായ വിദ്യാർഥികൾ അഭിരാജിനെയും മറ്റ് ഒന്നാം വർഷ വിദ്യാർഥികളെയും രണ്ടുതവണ തങ്ങളുടെ താമസസ്ഥലത്തേക്ക് വിളിപ്പിച്ച് റാഗിങ് ചെയ്തതായും പ്രതികൾ ഒന്നാം വർഷ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയിൽ പറയുന്നുണ്ട്.
കേസിൽ മലയാളികളായ ജിഷ്ണു (20), പി.വി. ശ്രീകാന്ത് (20), അശ്വത് (20), സായന്ത് (22), അഭിരത് രാജീവ് (21), പി. രാഹുൽ (21), ജിഷ്ണു (20), മുക്താർ അലി (19), കെ. മുഹമ്മദ് റസീം (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും കർണാടക വിദ്യാഭ്യാസ നിയമത്തിലെ 116 എന്നിവ പ്രകാരവുമാണ് കേസെടുത്തത്. കൂടാതെ പ്രതികളിൽ ഏഴുപേർക്കെതിരെ എൻ.ഡി.പി.എസ് ആക്ട്, 1985ലെ 27 വകുപ്പ് എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതികളെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയരാക്കിയപ്പോൾ ഏഴു പേർ കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു.