റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് 50ൽ നിന്ന് പത്ത് രൂപയാക്കി




News Desk

തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. 50 രൂപയിൽ നിന്ന് പത്ത് രൂപയാക്കിയാണ് കുറച്ചത്. നിരക്ക് കുറച്ചത് ഇന്നു മുതൽ നിലവിൽ വരും. കോവിഡ് പശ്ചാത്തലത്തിൽ തിരക്കൊഴിവാക്കാൻ നിരക്ക് കുത്തനെ ഉയർത്തിയിരുന്നു. 2021 ഒക്‌ടോബർ ഏഴു മുതലായിരുന്നു നിരക്ക് വർധിപ്പിച്ചിരുന്നത്. ഇതാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. നിരക്ക് കൂട്ടിയത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനെ തുടർന്നാണ് മുമ്പുണ്ടായിരുന്ന നിരക്ക് തന്നെ വീണ്ടും നിശ്ചയിച്ചത്.

നേരത്തെ മുംബൈയിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. അന്ന് പക്ഷേ വേനൽക്കാല യാത്രാ തിരക്കിനിടയിൽ സ്റ്റേഷനുകളിൽ തിരക്ക് കൂടുന്നത് തടയാനാണ് ഇത്തരമൊരു നിര്‍ദേശം നൽകിയതെന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, മുംബൈയിലെ ലോക്മന്യ തിലക് ടെർമിനൽ, താനെ, തുടങ്ങിയ സ്റ്റേഷനുകളിലായിരുന്നു നിരക്ക് വര്‍ധനവ്.