സഞ്ജു ചെന്നൈയിലേക്കില്ല 14 കോടിക്ക് താരത്തെ നിലനിറുത്തി രാജസ്ഥാൻ




News Desk

ഐപിഎല്ലിൽ മെഗാ ലേലത്തിനു മുൻപ് രാജസ്ഥാൻ റോയൽസ് നിലനിർത്തുന്ന ആദ്യതാരമായി സഞ്ജു സാംസൺ. സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈയിൽ ചേരുമെന്ന വാർത്തകൾ തള്ളിയാണ് ടീമിന്റെ തീരുമാനം. 14 കോടിയാണ് താരത്തിനായി നിശ്ചയിച്ചിരിക്കുന്ന വാർഷിക പ്രതിഫലം. സഞ്ജു നായകനായും തുടരുമെന്നാണ് അറിയുന്നത്.

രാജസ്ഥാൻ നിലനിർത്തുന്ന മറ്റ് താരങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല. ജോസ് ബട്‌ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിങ്സ്റ്റൺ, യശസ്വി ജയ്‌സ്വാൾ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളതെന്നാണ് അറിയുന്നത്. പരിക്കുമൂലം കഴിഞ്ഞ സീസണിൽനിന്ന് പിന്മാറിയ ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ റിലീസ് ചെയ്ത് ലേലത്തിൽ പിടിക്കാനായിരിക്കും ടീം ശ്രമിക്കുക.

പരമാവധി നാല് താരങ്ങളെയാണ് ഒരു ടീമിന് നിലനിർത്താനാകുക. മൂന്ന് ഇന്ത്യൻ താരങ്ങളും ഒരു വിദേശതാരവും അല്ലെങ്കിൽ രണ്ടുവീതം ദേശീയ, വിദേശതാരങ്ങൾ എന്നിങ്ങനെയാണ് നിലനിർത്താൻ അനുവാദമുള്ളത്. നിലനിർത്തുന്ന ആദ്യത്തെ താരമെന്ന നിലയിൽ സാങ്കേതികമായി 16 കോടി രൂപയാണ് സഞ്ജുവിന് വാർഷിക പ്രതിഫലമായി ലഭിക്കേണ്ടത്. എന്നാൽ, 14 കോടിക്കുതന്നെ താരവുമായി ഡീലുറപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. നാല് താരങ്ങളെ നിലനിർത്തിയാലും മെഗാലേലത്തിനായി രാജസ്ഥാൻ റോയൽസിന്റെ പോക്കറ്റിൽ 48 കോടി ബാക്കിയുണ്ടാകും.