ഇത്​ അവസാനിപ്പിച്ചേ പറ്റൂ'; മുഹമ്മദ്​ ഷമിക്ക്​ പിന്തുണയുമായി പത്താനും സെവാഗും




News Desk

പാകിസ്താനെതിരായ ലോകകപ്പ്​ മത്സരത്തിലെ തോല്‍വിയെചൊല്ലി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച്​ മുൻ ഇന്ത്യൻ താരങ്ങൾ​. വീരേന്ദർ സെവാഗ്​, ഹർഭജൻ സിങ്​, ഇർഫാൻ പത്താൻ, യൂസുഫ്​ പത്താൻ എന്നീ താരങ്ങളാണ്​ ഷമിക്കെതിരെയുള്ള അധിക്ഷേപങ്ങളെ അപലപിച്ച്​ രംഗത്തെത്തിയത്​.

മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണം ഞെട്ടിക്കുന്നതാണ്, ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. അവൻ ഒരു ചാമ്പ്യനാണ്, ഏതൊരു ഓൺലൈൻ ജനക്കൂട്ടത്തെക്കാളും ഏറെ ഇന്ത്യയെ നെഞ്ചേറ്റുന്നവരാണ്​ ഇന്ത്യൻ തൊപ്പി ധരിക്കുന്ന കളിക്കാർ. ഷമീ നിനക്കൊപ്പം, - സെവാഗ്​ കുറിച്ചു.

The online attack on Mohammad Shami is shocking and we stand by him. He is a champion and Anyone who wears the India cap has India in their hearts far more than any online mob. With you Shami. Agle match mein dikado jalwa.

'മുഹമ്മദ്​ ഷമി ഞങ്ങൾ താങ്കളെ സ്​നേഹിക്കുന്നു' എന്നായിരുന്നു ഹർഭജൻ ട്വീറ്റ്​ ചെയ്​തത്​. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു എന്ന്​ ഇന്ത്യൻ സ്പിന്നർ യുസ്​വേന്ദ്ര ചാഹലും കുറിച്ചു.

താനും ഇന്ത്യാ-പാകിസ്താൻ മത്സരത്തി​െൻറ ഭാഗമായിരുന്നുവെന്നും അന്ന്​ തോൽവി നേരിട്ടിട്ടും ആരും തന്നോട്​ പാകിസ്താനിലേക്ക്​ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇർഫാൻ പത്താൻ പറഞ്ഞു. 'ഞാൻ സംസാരിക്കുന്നത്​ വർഷങ്ങൾക്ക്​ മുമ്പുള്ള കാര്യമാണ്​. ഇൗ വിഡ്ഢിത്തം നിർത്തേണ്ടതുണ്ട്​'. -പത്താൻ ട്വീറ്റ്​ ചെയ്​തു.

ക്രിക്കറ്റ് താരങ്ങളെ വിമർശിക്കാമെന്നും എന്നാൽ, തോൽവിയെ തുടർന്ന് ഒരാളെ അപമാനിക്കുന്നത് തീർത്തും തെറ്റാണെന്നും യൂസുഫ്​ പത്താൻ ട്വിറ്ററിലെഴുതി. അതൊരു മത്സരമാണ്​, ആ ദിവസത്തെ ഏറ്റവും മികച്ച ടീം വിജയിച്ചു. അതേ ക്രിക്കറ്റ്​ താരങ്ങൾ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയെ പല മാച്ചുകളിലും വിജയിപ്പിച്ചിട്ടുണ്ടെന്നും തോറ്റതിന്​ ശേഷം ഇത്രയും നാളും ടീമിനെ വിജയിപ്പിച്ചവരെ ചതിയനെന്ന്​ വിളിക്കുകയാണോ എന്നും യൂസുഫ്​ കുറിച്ചു.

ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്. പാകിസ്താനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം. പാകിസ്താനോട്​ കൂറുള്ള ഇന്ത്യന്‍ മുസ്‌ലിം എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. 'നിങ്ങളുടെ സമുദായത്തെ ജയിപ്പിക്കാന്‍ എത്രം പണം കൈപറ്റി'എന്നാണ് ഒരാൾ ചോദിച്ചത്​. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്താനോട് പരാജയപ്പെട്ടത്