കോഴിക്കോട് സ്വദേശിയുടെ കൊലപാതകത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെയുളളവരുടെ വധശിക്ഷ ശരിവെച്ച് ദമാമാം അപ്പീൽ കോടതി. തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് ചീനികപ്പുറത്ത് നിസാം സാദിഖ് (29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മൽ നാൽ സൗദി യുവാക്കൾ എന്നിവർക്ക് എതിരെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
അഞ്ച് വർഷം മുമ്പാണ് കൊടുവളളി മുക്കിലങ്ങാടി സ്വദേശിയായ ഷമീറിനെ ജുബൈലിലെ വർക്ക്‌ഷോപ് മേഖലയിലെ മുൻസിപ്പാലിറ്റി മാലിന്യപ്പെട്ടിക്ക് സമീപം കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. കാണാതായ ഇയാളെ പൊലീസും ബന്ധുക്കളും തിരയുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹവാല പണം ഏജന്റായിരുന്ന ഷമീറിൽ നിന്ന് പണം കവരാൻ വേണ്ടി സൗദി യുവാക്കൾ ഇയാളെ തട്ടി കൊണ്ടുപോവുകയായിരുന്നു. പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ മൂന്ന് ദിവസം ഇയാളെ പൂട്ടിയിട്ട് പീഡിപ്പിച്ചു. ശരീരത്തിലേറ്റ മർദനമാണ് കൊലപാതക കാരണമെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. മൃതദേഹം കണ്ടെത്തി സൗദി പൊലീസ് പ്രതികളെ പിടികൂടിയിരുന്നു.
പ്രതികൾക്ക് ഷമീറിന്റെ കുടുംബം മാപ്പ് നൽകാൻ തയ്യാറായിട്ടില്ല. പ്രതികൾക്ക് ജുബൈലിലെ കീഴ് കോടതി വിധിച്ച വധശിക്ഷ ദമാമിലെ അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. വധശിക്ഷ ശരിവെച്ചതോടെ ദയാഹർജി നൽകാനുളള നീക്കത്തിലാണ് പ്രതികൾ.