ട്വന്റി20 ലോക കപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ന്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിനെ ഔട്ട് വിധിച്ച അമ്പയര്‍മാരുടെ തീരുമാനം സംശയത്തിന്റെ നിഴലില്‍. രാഹുല്‍ നോബോളിലാണ് പുറത്തായതെന്ന സന്ദേഹം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുകയാണ്.
പാക് പേസര്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലാണ് സംഭവം. സ്റ്റംപിന് അകത്തേക്കു കുത്തിത്തിരിഞ്ഞ പന്തിനെ ലെഗ് സൈഡിലേക്ക് കളിക്കാനുള്ള രാഹുലിന്റെ ശ്രമം പൂര്‍ണമായും പിഴച്ചു. അഫ്രീദിയുടെ പന്ത് രാഹുലിന്റെ കുറ്റിപിഴുതു കടന്നുപോയി. എന്നാല്‍ പന്തെറിയുമ്പോള്‍ അഫ്രീദിയുടെ മുന്‍പാദം ബോളിംഗ് ക്രീസിലെ വര കടന്നില്ലേയെന്ന സംശയമുയര്‍ന്നു.
ഫ്രണ്ട്ഫൂട്ട് നോബോള്‍ വിളിക്കുമെന്നും വീഡിയോ പരിശോധനയുണ്ടാകുമെന്നും കരുതപ്പെട്ടെങ്കിലും അങ്ങനെ സംഭവിച്ചില്ല. അപ്പോഴേക്കും രാഹുല്‍ ഡഗ് ഔട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പുറത്തുവന്ന ചിത്രങ്ങള്‍ അഫ്രീദി എറിഞ്ഞത് നോബോള്‍ ആണെന്നു തെളിയിക്കുന്നതായിരുന്നു.