കുളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി; അവശനിലയിലായ പത്തുവയസ്സുകാരന്‍ മരിച്ചു




News Desk

കോഴിക്കോട്: കുളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി അവശനിലയിലായ പത്തുവയസുകാരന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് ആറാംമൈലില്‍ പൂവംപറമ്പത്ത് ഫയാസിന്റെ മകന്‍ അഹലനാണ് മരിച്ചത്. അപകടം നടന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അഹലന്റെ മാതാവ് എണ്ണ തേപ്പിച്ച ശേഷം കുട്ടിയെ കുളിക്കാന്‍ വിടുകയായിരുന്നു. സാധാരണ കുറച്ചേറെ സമയമെടുത്താണ് അലഹന്‍ കുളിക്കാറുള്ളതിനാല്‍ ആദ്യം സമയം പോകുന്നതില്‍ സംശയം തോന്നിയിരുന്നില്ലെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

അപകടം നടക്കുന്ന സമയത്ത് കുട്ടിയുടെ അച്ഛനും വീട്ടില്‍ ഉണ്ടായിരുന്നില്ല. പൊറോട്ട വാങ്ങി നല്‍കി പള്ളിയില്‍ പോകാന്‍ തയ്യാറായിരിക്കാന്‍ പറഞ്ഞശേഷം സര്‍വീസിന് കൊടുത്ത വാഹനം കൊണ്ടുവരാന്‍ പുറത്ത് പോയതായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച രാത്രി മജിസ്‌ട്രേട്ടെത്തി ചികിത്സയിലായിരുന്ന കുട്ടിയുടെ മൊഴിയെടുത്തിരുന്നു. തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയത് അബദ്ധത്തില്‍ പറ്റിയതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോ അനുകരിച്ചതാവാനാണ് സാധ്യതയെന്നുമാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.