ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കി; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റില്‍






News Desk

കുന്താപുരം: ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. യുവതിയടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. മമത, സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്. 

കുന്താപുരം അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ്(36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് നാഗരാജ് തൂങ്ങിമരിച്ചതെന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ചുരുളഴിഞ്ഞത്.

കര്‍ണാടക സ്വദേശിയായ നാഗരാജ് 10 വര്‍ഷം മുമ്പാണ് മമതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. നാഗരാജിന്റെ മൃതദേഹത്തില്‍ കണ്ട പാടുകളാണ് പൊലീസിന് തുമ്പായത്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നാഗരാജിന്റെ സഹോദരി നാഗരത്‌ന കുന്താപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.

മമതയെ പൊലീസ് ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് മമത സമ്മതിച്ചു. പ്രതികളിലൊരാളുമായി മമത അടുപ്പത്തിലാണ്.