രണ്ടു ഗോളിന് പിന്നിൽനിന്ന ശേഷം ഗംഭീര തിരിച്ചുവരവ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവിസ്മരണീയ ജയം.




News Desk

ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്‍റയ്ക്കെതിരെ രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്നു ഗോൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവിസ്മരണീയ ജയം. കളി തീരാൻ ഒമ്പത് മിനിറ്റു മാത്രം ബാക്കി നിൽക്കെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ ഹെഡർ ഗോളിലാണ് ഇംഗ്ലീഷ് ക്ലബ് അറ്റ്‌ലാന്റയെ മുട്ടുകുത്തിച്ചത്. ആദ്യ പകുതിയിലായിരുന്നു അറ്റ്‌ലാന്‍റയുടെ രണ്ടു ഗോളുകളും.

15-ാം മിനിറ്റിൽ മരിയോ പസാലിചിലൂടെയാണ് ഇറ്റാലിയൻ ക്ലബ് മുമ്പിലെത്തിയത്. 28-ാം മിനിറ്റിൽ മെറി ഡെമിറലിലൂടെ അറ്റ്‌ലാന്‍റ ലീഡുയർത്തി. നിർണായകമായ രണ്ടു ഗോൾ ലീഡുമായാണ് അറ്റ്‌ലാന്‍റ രണ്ടാം പകുതിയിൽ ഇറങ്ങിയതെങ്കിലും ചെമ്പടയുടെ ആത്മവീര്യത്തെ തകർക്കാനായില്ല. 53-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോഡും 75-ാം മിനിറ്റിൽ ഹാരി മഗ്വയറും ഗോൾ നേടി ടീമിനെ തുല്യനിലയിലെത്തിച്ചു. കളി സമനിലയാകുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഓള്‍ഡ് ട്രാഫോഡില്‍ ഒരിക്കൽക്കൂടി ക്രിസ്റ്റ്യാനോ അവതരിച്ചു. 81-ാം മിനിറ്റിൽ സൂപ്പർ ഹെഡർ ഗോൾ. കരിയറിൽ ക്രിസ്റ്റ്യാനോയുടെ 140-ാം ഹെഡർ ഗോളായിരുന്നു ഇത്.

ചാമ്പ്യൻസ് ലീഗിൽ 38 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും പോർച്ചുഗീസ് ക്യാപ്റ്റനാണ്. 136 ഗോൾ. തൊട്ടുപിന്നിൽ ലയണൽ മെസ്സി, 120 ഗോൾ. 75 ഗോളുമായി റോബർട്ട് ലവൻഡോസ്‌കിയും 71 ഗോളുമായി കരിം ബെൻസേമയും ഏറെ പിന്നിലാണ്. അസിസ്റ്റുകളുടെ കാര്യത്തിലും പോർച്ചുഗീസ് സൂപ്പർ താരം തന്നെ മുമ്പിൽ. 42 അസിസ്റ്റുകൾ. 36 അസിസ്റ്റുമായി മെസ്സി രണ്ടാം സ്ഥാനത്തും 34 എണ്ണവുമായി എയ്ഞ്ചൽ ഡി മരിയ മൂന്നാം സ്ഥാനത്തുമാണ്. 

ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ 2012ന് ശേഷം ആദ്യമായാണ് രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചുവരുന്നത്. ജയത്തോടെ ഗ്രൂപ്പ് എഫില്‍ ആറു പോയൻറുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി. അറ്റ്‌ലാൻറ നാലു പോയൻറുമായി രണ്ടാമതാണ്. യങ് ബോയ്‌സിനെ 4-1ന് തോൽപ്പച്ച വിയ്യാ റയലാണ് മൂന്നാം സ്ഥാനത്ത്. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച യങ് ബോയ്‌സ് മൂന്നു പോയൻറുമായി നാലാമതാണ്.