അനുവാദം ചോദിച്ചില്ല 26ാം നിലയിൽ നിന്ന് പെയിന്‍റിങ് തൊഴിലാളികളെ താഴെ വീഴ്ത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ




News Desk

തായ്ലൻഡ്: ബഹുനില പാർപ്പിട സമുച്ചയത്തിന്റെ 26ാം നിലയിൽ നിന്ന് രണ്ട് പെയിന്റിങ് തൊഴിലാളികളെ താഴെ വീഴ്ത്താൻ ശ്രമിച്ച യുവതി പിടിയിൽ. സേഫ്റ്റി റോപ്പ് മുറിച്ചാണ് ഇരുവരെയും അപായപ്പെടുത്താൻ യുവതി ശ്രമിച്ചത്. പാർപ്പിട സമുച്ചയത്തിലെ താമസക്കാരിയായ യുവതി രണ്ടുപേരെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിൻ്റെയും അവർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിൻ്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

തന്റെ അപ്പാർട്ട്മെന്റിന് മുന്നിൽ ജോലി ചെയ്യുന്നതിനെപ്പറ്റി നേരത്തെ അറിയിക്കാത്തതിലുള്ള ദേഷ്യം മൂലമാണ് യുവതി സേഫ്റ്റി റോപ്പ് മുറിച്ചതെന്ന് പൊലീസുകാരെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഇതേ സമുച്ചയത്തിലെ തന്നെ താമസക്കാരായ ദമ്പതികൾ കാണുകയും ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

സംഭവത്തെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തെന്നും കൊലപാതകശ്രമത്തിന് കേസെടുത്തെന്നും പാക് ക്രേറ്റ് പൊലീസ് മേധാവി കേണൽ പോങ്ജാക് പ്രീചകരുൻപോംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം യുവതി ആരോപണം നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് പൊലീസ് വിരളടയാളമടക്കമുള്ള വിശദമായ തെളിവുകളോടെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.

കെട്ടിടത്തിന്റെ 32-ാം നിലയിൽ നിന്ന് തൊഴിലാളികൾ ഇറങ്ങുന്നതിനിടെയാണ് 26-ാം നിലയിൽവെച്ച് യുവതി സേഫ്റ്റി റോപ്പ് മുറിക്കുന്നത്. തൻ്റെ അപ്പാർട്ട്മെന്റിന് പുറത്തുള്ള ജോലിയിൽ അവർ അസ്വസ്ഥയായിരുന്നെന്നും അതിനാലാണ് യുവതി തൊഴിലാളികളെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.