ദുബായ്: ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ വമ്പന്‍ പോരാട്ടത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയതിന്‍റെ പേരില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ(സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവരെ ചരിത്രം ഓര്‍മിപ്പിച്ച് ആരാധകര്‍. 2015ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ എറിഞ്ഞിട്ട ഷമിയുടെ സ്പെല്‍ ഓര്‍മിപ്പിച്ചാണ് ആരാധകര്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടി നല്‍കുന്നത്.
ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാക്ട കോലിയുടെ സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സടിച്ചു. 73 റണ്‍സെടുത്ത ശിഖര്‍ ധവാനും 74 റണ്‍സെടുത്ത സുരേഷ് റെയ്നയുമായിരുന്നു ഇന്ത്യയുടെ പ്രധാന സ്കോറര്‍മാര്‍.
മറുപടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാന്‍റെ ഓപ്പണറായ യൂനിസ് ഖാനെ ധോണിയുടെ കൈകളിലെത്തിച്ചാണ് ഷമി വിക്കറ്റ് വേട്ട തുടങ്ങിയത്. അഹമ്മദ് ഷെഹ്സാദും(47), ഹാരിസ് സൊഹൈലും(36), ക്യാപ്റ്റനായിരുന്ന മിസ്ബാ ഉള്‍ ഹഖും(76) ചേര്‍ന്ന് പാക്കിസ്ഥാന് പ്രതീക്ഷ നല്‍കി. ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടമാവുമ്പോഴും ക്രീസില്‍ അക്ഷോഭ്യനായി മിസ്ബയുണ്ടായിരുന്നു. പാക്കിസ്ഥാന്‍റെ പ്രതീക്ഷയായിരുന്ന ഷാഹിദ് അഫ്രീദി 22 പന്തില്‍ ഒരു സിക്സും ഒരു ഫോറും അടിച്ച് 22 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ ധോണി ഷമിയെ പന്തേല്‍പ്പിച്ചു.
അഫ്രീദിയെ കോലിയുടെ കൈകളിലെത്തിച്ച ഷമി തൊട്ടുപിന്നാലെ വഹാബ് റിയാസിനെയും വീഴത്തി ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഒടുവില്‍ പാക്കിസ്ഥാന്‍റെ അവസാന പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ മിസ്ബയെയും വീഴ്ത്തിയത് ഷമി തന്നെ. അന്ന് ഒമ്പതോവര്‍ എറിഞ്ഞ ഷമി 35 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയതും ഷമിയായിരുന്നു. പാക്കിസ്ഥാനെതിരെ ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഷമി അഞ്ച് വിക്കറ്റെടുത്തിട്ടുണ്ട്
Video