ന്യൂഡൽഹി: ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ കുറഞ്ഞ ഡൗൺലോഡ് വേഗത നിലവിലുള്ള 512 കെബിപിഎസ് പരിധിയിൽ നിന്ന് രണ്ട് എംബിപിഎസ് ആയി നിശ്ചയിക്കാൻ ശുപാർശ ചെയ്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). "ചില അടിസ്ഥാന ആപ്ലിക്കേഷനുകൾ പോലും പ്രവർത്തിപ്പിക്കുന്നതിന് 512Kbps അപര്യാപ്തമാണെന്നും," ട്രായ് പറഞ്ഞു.
കണക്ഷനുകൾ രണ്ട് എംബിപിഎസ് മുതൽ 50 എംബിപിഎസ് വരെയുള്ളത് ബേസിക്, 50 മുതൽ 300 എംബിപിഎസ് വരെയുള്ളത് ഫാസ്റ്റ്, 300 എംബിപിഎസിൽ കൂടുതലുള്ളത് സൂപ്പർ-ഫാസ്റ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നും ട്രായ് സർക്കാരിനോട് അഭിപ്രായപ്പെട്ടു.
അതോടൊപ്പം പൈലറ്റ് പദ്ധതിയെന്ന നിലയിൽ ഗ്രാമീണ മേഖളകളിൽ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിന് സർക്കാർ സഹായം നൽകണമെന്നും ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് പ്രതിമാസം പരമാവധി 200 രൂപ എന്ന നിലയിൽ സഹായം നൽകണമെന്നാണ് പറയുന്നത്.