ന്യൂഡൽഹി ∙ വാക്സിനേഷനുള്ള കോവിൻ പോർട്ടലുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഇനിയും അവസാനമില്ല. സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തലുകൾ മുതൽ അക്കൗണ്ട് ട്രാൻസ്ഫർ വരെയുള്ള നൂലാമാലകൾ ഏറെ. ബുക്കിങ്, തെറ്റുതിരുത്തൽ, അക്കൗണ്ട് മെർജിങ്, വാട്സാപ് സർട്ടിഫിക്കറ്റ് ഡൗൺലോഡിങ് ഉൾപ്പെടെയുള്ള കോവിനുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പരിചയപ്പെടാം.
കോവിൻ പോർട്ടലിലെ തെറ്റ് തിരുത്തൽ എങ്ങനെ?
വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പേര്, ജനനവർഷം, ലിംഗം, തിരിച്ചറിയൽ രേഖയുടെ നമ്പർ എന്നിവ തിരുത്താൻ കഴിയും. വാക്സീൻ സർട്ടിഫിക്കറ്റിൽ വ്യാപകമായ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്നാണു വിലയിരുത്തൽ. ഒരു തവണ മാത്രമേ തിരുത്താൻ കഴിയൂ.
തിരുത്തൽ ഇങ്ങനെ
∙ കോവിൻ പോർട്ടലിൽ (cowin.gov.in) റജിസ്റ്റേഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് മുകളിലുള്ള Raise an Issue എന്ന ഓപ്ഷനിൽ തിരുത്തൽ വേണ്ട വ്യക്തിയുടെ പ്രൊഫൈൽ തിരഞ്ഞെടുക്കുക. ശേഷം 'What is the issue?' എന്നതിനു താഴെ Correction in Certificate ഓപ്ഷൻ തിരഞ്ഞെടുക്കുക.
പേര്, ജനനവർഷം, ലിംഗം, ഫോട്ടോ ഐഡി നമ്പർ എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണത്തിൽ മാത്രമേ തിരുത്തൽ അനുവദിക്കൂ. ആവശ്യമുള്ളത് ടിക് ചെയ്താൽ മാറ്റം വരുത്താനുള്ള ഓപ്ഷൻ താഴെ വരും. Continue നൽകി സബ്മിറ്റ് ചെയ്താൽ Your request has been submitted successfully and is under processing എന്ന സന്ദേശം ലഭിക്കും. Track Request ഓപ്ഷനിൽ അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
പാസ്പോർട്ട് നമ്പർ ചേർക്കാം.
കോവിൻ പോർട്ടലിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പാസ്‍പോർട്ട് നമ്പർ ചേർക്കാം. വിദേശയാത്രാ ആവശ്യങ്ങളുള്ളവർക്ക് ഉപകാരപ്രദമാകും..
എങ്ങനെ?
∙ 2 ഡോസ് വാക്സിനേഷനും പൂർത്തിയായ ശേഷം പോർട്ടലിൽ ലോഗിൻ ചെയ്യുക. Raise an Issue എന്ന ഓപ്ഷനു താഴെ Add passport details തുറക്കുക.
∙ സിലക്ട് മെംബർ തുറന്ന് പ്രൊഫൈൽ തിരഞ്ഞെടുക്കുക. അടുത്ത കോളത്തിൽ പാസ്പോർട്ട് നമ്പർ നൽകി സബ്മിറ്റ് ചെയ്യുക.
∙ അപേക്ഷ അംഗീകരിച്ചുവെന്ന സന്ദേശം ഏതാനും മിനിറ്റുകൾക്കുള്ളിൽ ലഭിക്കും. Track Request എന്ന ഓപ്ഷൻ ഇതിനായി ഉപയോഗിക്കാം. തുടർന്ന് ഡൗൺലോഡ് ചെയ്യുമ്പോൾ പാസ്പോർട്ട് നമ്പർ ചേർത്ത സർട്ടിഫിക്കറ്റ് ലഭിക്കും. ഒരു തവണ മാത്രമേ അപ്ഡേഷൻ അനുവദിക്കൂ. പാസ്പോർട്ടിലും കോവിൻ സർട്ടിഫിക്കറ്റിലും ഒരേ പേരു തന്നെയാണെന്ന് ഉറപ്പാക്കണം.
രണ്ടു ഡോസ് വാക്സീൻ സ്വീകരിക്കാൻ വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ചവർക്ക് അക്കൗണ്ടുകൾ ഒന്നാക്കാൻ കോവിൻ പോർട്ടലിൽ അവസരമുണ്ട്.
വ്യത്യസ്ത നമ്പറുകൾ ഉപയോഗിച്ചവർക്ക് അന്തിമ വാക്സിനേഷൻ സർട്ടിഫിക്കറ്റിനു പകരം ഫസ്റ്റ് ഡോസ് എടുത്തുവെന്ന 2 സർട്ടിഫിക്കറ്റുകളാണു ലഭിച്ചത്. ഇതു പരിഹരിക്കാനാണു ഈ സംവിധാനം. വ്യക്തിയുടെ പേര്, വയസ്സ്, ലിംഗം തുടങ്ങിയവ ഒത്തുനോക്കിയാണു സർട്ടിഫിക്കറ്റുകൾ ഒരുമിപ്പിക്കുന്നത്. ഇതിൽ തിരുത്തൽ ആവശ്യമെങ്കിൽ Raise an issue ഓപ്ഷനിലെ Certificate correction തിരഞ്ഞെടുക്കുക.
∙ കോവിൻ പോർട്ടലിൽ ഫസ്റ്റ് ഡോസ് എടുക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക.
∙ Raise an Issue ഓപ്ഷനിലെ Merge Multiple Dose#1 Provisional certificate തുറക്കുക. Member Details തുറന്ന് പ്രൊഫൈൽ തിരഞ്ഞെടുക്കുക.
∙ ഒന്നാം ഡോസിലെ ബെനഫിഷ്യറി ഐഡിയും (വാക്സീൻ സർട്ടിഫിക്കറ്റിൽ കാണാം) തീയതിയും ദൃശ്യമാകും.
∙ Vaccination Dose #2 എന്ന കോളത്തിൽ രണ്ടാം ഡോസ് സർട്ടിഫിക്കറ്റിലെ ബെനഫിഷ്യറി ഐഡിയും രണ്ടാം ഡോസ് എടുക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പറും രേഖപ്പെടുത്തുക.
∙ I declare... എന്നു തുടങ്ങുന്ന വാചകത്തിന് അടുത്തുള്ള ടിക് മാർക്ക് അടയാളപ്പെടുത്തി Submit Request കൊടുക്കുക. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് അന്തിമ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ
കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണിത്. കോവിനിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകൂ.
എങ്ങനെ?
∙ 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക.
∙ ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക.
∙ ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക.
∙ ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും.
∙ ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.
∙ Menu എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കും.
കോവിൻ അക്കൗണ്ടിലെ ‘അജ്ഞാതരെ’ ഒഴിവാക്കാം
കോവിൻ പോർട്ടലിൽ നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റൊരാൾ വാക്സീൻ എടുത്തതായി ശ്രദ്ധയിൽപെട്ടാൽ ആ വ്യക്തിയുടെ വിവരങ്ങൾ നമ്മുടെ നമ്പറിൽ നിന്നു നീക്കാനുള്ള സൗകര്യമുണ്ട്. പലരും കോവിൻ പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ അജ്ഞാതരായ വ്യക്തികൾ ഇതേ നമ്പർ ഉപയോഗിച്ചതായി കണ്ടുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
സ്പോട് റജിസ്ട്രേഷനിൽ ഫോൺ നമ്പർ തെറ്റായി രേഖപ്പെടുത്തുമ്പോഴാണ് ഇതു സംഭവിക്കുന്നത്. സ്പോട് റജിസ്ട്രേഷനിൽ ഒടിപി (വൺ ടൈം പാസ്‍വേഡ്) ഇല്ലാത്തതുകൊണ്ട് നമ്പർ തെറ്റിയാൽ അക്കാര്യം ശ്രദ്ധയിൽപെടുക എളുപ്പമല്ല. ഫോൺ നമ്പർ നൽകുമ്പോൾ ഏതെങ്കിലുമൊരു അക്കം മാറിപ്പോയാൽ മറ്റൊരു നമ്പറിലേക്കായിരിക്കും ലിങ്ക് ചെയ്യപ്പെടുക. ഒരു ഫോൺ നമ്പറിൽ പരമാവധി 4 പേരുടെ അക്കൗണ്ടുകളാണ് ചേർക്കാനാവുക.
എങ്ങനെ ഒഴിവാക്കാം?
∙ കോവിൻ (cowin.gov.in) പോർട്ടലിൽ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക
∙ 'Raise an issue' എന്ന മെനു തുറന്ന് ചുവടെയുള്ള 'Remove unknown member' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
∙ 'Unknown Member Details' എന്നതിനു നേരെ ഒഴിവാക്കേണ്ട നമ്പർ തിരഞ്ഞെടുക്കുക.
∙ താഴെയുള്ള ഡിക്ലറേഷൻ ടിക് ചെയ്ത് Submit request നൽകാം.
കോവിൻ: അക്കൗണ്ട് മറ്റൊരു നമ്പറിലേക്ക് മാറ്റാം
കോവിൻ പോർട്ടലിൽ നിങ്ങളുടെ മൊബൈൽ നമ്പർ വഴി റജിസ്റ്റർ ചെയ്തിരിക്കുന്ന വ്യക്തിയുടെ അക്കൗണ്ട് അവരുടെ മൊബൈൽ നമ്പറിലേക്ക് മാറ്റാൻ അവസരമുണ്ട്. ഒട്ടേറെപ്പേർ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകൾ ഉപയോഗിച്ചാണ് കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കു സ്വന്തം നമ്പറുകളിലേക്ക് അക്കൗണ്ട് മാറ്റാമെന്നതാണ് മെച്ചം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് 4 പേർക്കാണ് അക്കൗണ്ട് എടുക്കാൻ കഴിയുക.
അക്കൗണ്ട് ട്രാൻസ്ഫർ ഇങ്ങനെ
∙ അക്കൗണ്ട് റജിസ്റ്റർ ചെയ്തപ്പോൾ ഉപയോഗിച്ച മൊബൈൽ നമ്പർ നൽകി കോവിൻ പോർട്ടലിൽ (selfregistration.cowin.gov.in) ലോഗിൻ ചെയ്യുക.
∙ 'Raise an issue' എന്നതിനു താഴെയുള്ള 'Transfer a member to new mobile number' ഓപ്ഷൻ തുറക്കുക.
∙ 'Member Details' എന്നതിനു താഴെ മാറ്റേണ്ട വ്യക്തിയുടെ പ്രൊഫൈൽ തിരഞ്ഞെടുക്കുക.
∙ 'Transfer to' എന്നതിനു താഴെ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യപ്പെടേണ്ട മൊബൈൽ നമ്പർ നൽകി ചുവടെയുള്ള സത്യവാങ്മൂലം ടിക്ക് ചെയ്ത് 'continue' ക്ലിക്ക് ചെയ്യുക.
∙ പുതിയ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‍വേഡ്) നൽകിയാൽ ട്രാൻസ്ഫർ പൂർത്തിയാകും.
∙ പുതിയ നമ്പർ നൽകി കോവിൻ പോർട്ടലിൽ ലോഗിൻ ചെയ്താൽ അക്കൗണ്ട് അതിൽ കാണാനാകും.
∙ ഒരു തവണ കൈമാറ്റം ചെയ്ത അക്കൗണ്ട് തിരികെ ട്രാൻസ്ഫർ ചെയ്യാനാകില്ല.
കോവിൻ പോർട്ടലിൽ അക്കൗണ്ട് ബ്ലോക്ക് ആകുമോ?...
കോവിൻ പോർട്ടലിൽ ഒരു ദിവസം നൂറുകണക്കിനു തവണ സ്ലോട്ടുകൾക്കായി സെർച് ചെയ്താൽ 24 മണിക്കൂർ സമയത്തേക്കു നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആകാം. കംപ്യൂട്ടർ പ്രോഗ്രാമുകളും സോഫ്റ്റ്‍വെയർ റോബട്ടുകളും (ബോട്ട്) ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതു തടയാനാണു കോവിൻ ഉപയോഗത്തിൽ നിയന്ത്രണം. അനിയന്ത്രിതമായ ഉപയോഗമുണ്ടായാൽ ബോട്ടുകളുടെ സാന്നിധ്യമാണെന്നു കണക്കാക്കിയാകും അക്കൗണ്ട് ബ്ലോക്ക് ചെയ്യുക.
എങ്ങനെയൊക്കെ?
∙ കോവിനിൽ ലോഗിൻ ചെയ്തു 15 മിനിറ്റിനുള്ളിൽ 20 തവണയിലധികം ‘സെർച്’ റിക്വസ്റ്റ് നൽകിയാൽ തനിയെ ലോഗ്ഔട്ട് ആകും.
∙ ഒരു ദിവസം 50 തവണ ലോഗ്ഔട്ട് ആകുന്ന സാഹചര്യമുണ്ടായാൽ അക്കൗണ്ട് 24 മണിക്കൂർ ബ്ലോക്ക് ആകും. മറ്റൊരു തരത്തിൽ പറഞ്ഞാൽ 50 തവണയിലധികം ഒടിപി ജനറേറ്റ് ചെയ്തു സെർച് റിക്വസ്റ്റ് നൽകിയാൽ വിലക്കു വരാം. 24 മണിക്കൂറിനു ശേഷം അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമമാകും. 3 സെക്കൻഡ് ഇടവേളയിൽ ഒന്നിലധികം റിഫ്രഷ്, റീലോഡ്, ഷെഡ്യൂൾ തുടങ്ങിയ റിക്വസ്റ്റുകൾ നൽകരുതെന്നും നിർദേശമുണ്ട്.
എന്തു ചെയ്യണം?
∙ ലോഗിൻ ചെയ്ത ശേഷം തുടർച്ചയായി ഒട്ടേറെ തവണ സെർച് ബട്ടൺ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
∙ പോർട്ടലിൽ ലോഗിൻ ചെയ്യാതെ ഹോം പേജിൽ തന്നെ വാക്സീൻ സ്ലോട്ടുകൾ ജില്ല, പിൻകോഡ്, മാപ്പ് അടിസ്ഥാനത്തിൽ തിരയാനുള്ള സംവിധാനമുണ്ട്. ഇത്തരം സെർച്ചുകൾ വിലക്കിന്റെ പരിധിയിൽ വരില്ല. സ്ലോട്ട് ഉണ്ടെന്നു കണ്ടാൽ മാത്രം ലോഗിൻ ചെയ്യുക.
∙ എപ്പോഴും ലോഗിൻ ചെയ്യുന്നതിനു പകരം സ്ലോട്ട് അപ്ഡേഷൻ ഏതു സമയത്തായിരിക്കുമെന്ന് ഔദ്യോഗികമായോ സമാന്തര പ്ലാറ്റ്ഫോമുകളിലൂടെയോ മനസ്സിലാക്കിയ ശേഷം ഉപയോഗിക്കുക.
വാക്സീൻ പ്ലാറ്റ്ഫോമിനു സ്വകാര്യ പ്ലാറ്റ്ഫോമുകളും
കോവിൻ പോർട്ടലിനു പുറമേ പേയ്ടിഎം പോലെയുള്ള സ്വകാര്യ ആപ്പുകൾ വഴിയും വാക്സീൻ ബുക്ക് ചെയ്യാൻ സർക്കാരിന്റെ അനുമതിയുണ്ട്. വാക്സീൻ സ്ലോട്ടുകൾ അറിയാൻ സമാന്തര പ്ലാറ്റ്ഫോമുകൾ ഉണ്ടായിരുന്നെങ്കിലും ബുക്ക് ചെയ്യാൻ കോവിനിൽ തന്നെ പോകണമായിരുന്നു. എന്നാൽ പുതിയ സംവിധാനത്തോടെ ഇവയെല്ലാം ഒരു പ്ലാറ്റ്ഫോമിൽ ചെയ്യാം.
പേയ്ടിഎം ബുക്കിങ്
പേയ്ടിഎം (Paytm) ആപ്പിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഫീച്ചേഡ് സെക്ഷനിലെ വാക്സീൻ ഫൈൻഡർ ഓപ്ഷനിൽ ജില്ല/പിൻകോഡ് നൽകി സെർച്ച് ചെയ്യാം. സ്ലോട്ട് ലഭ്യമെങ്കിൽ ബുക്ക് നൗ ഓപ്ഷൻ നൽകി വാക്സീൻ സമയവും സ്ഥലവും തിരഞ്ഞെടുത്ത് ബുക്കിങ് പൂർത്തിയാക്കാം. സ്ലോട്ട് ഇല്ലെങ്കിൽ Notify me when slots are available എന്ന ഓപ്ഷൻ നൽകിയാൽ സ്ലോട്ടുകൾ അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കും. അപ്പോള്‍ ബുക്ക് ചെയ്യാം.
ഹെൽത്തിഫൈമീ/അണ്ടർ45/എബൗവ് 45
വാക്സീൻ സ്ലോട്ട് എളുപ്പത്തിൽ കണ്ടെത്താൻ മലയാളിയായ ബെർട്ടി തോമസ് വികസിപ്പിച്ച under45.in, above45.in നിലവിൽ പ്രമുഖ ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോം ഹെൽത്തിഫൈമീ (HealthifyMe)യുടെ ഭാഗമാണ്. under45,above45 ടെലിഗ്രാം അലർട്ടിനൊപ്പമുള്ള ലിങ്കിൽ ക്ലിക് ചെയ്താൽ ഹെൽത്തിഫൈമീയുടെ ആപ്പ്/വെബ്സൈറ്റ് വഴി നേരിട്ട് ആ സ്ലോട്ടിന്റെ ബുക്കിങ്ങിലേക്ക് കടക്കാം. ഉദാഹരണത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 350 സ്ലോട്ട് ഉണ്ടെന്ന അറിയിപ്പിനൊപ്പം വരുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ലോഗിൻ ചെയ്താൽ ആശുപത്രിയുടെ തന്നെ ബുക്കിങ്ങിലേക്കു പോകാം. സെർച്ച് ചെയ്യാനുള്ള സമയം ലാഭം. ഒരു ജില്ലയിൽ സർക്കാർ സ്ലോട്ടുകൾ അപ്ഡേറ്റ് ചെയ്യുന്നത് വൈകുന്നേരം മൂന്നിനാണെങ്കിൽ 2.55 കഴിയുമ്പോൾ ഹെൽത്തിഫൈമീ ആപ്പിലുള്ള വാക്സീൻ ലോഗിൻ ചെയ്യുക. സ്ലോട്ട് വിവരം ടെലിഗ്രാമിലെത്തുമ്പോൾ ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലോഗിൻ സമയം പോലും പാഴാക്കാതെ ബുക്കിങ്ങിലേക്ക് കടക്കാം. കുടുംബത്തിൽ ഒന്നിലധികം ആളുകൾക്ക് ഒരുമിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
എങ്ങനെ?
ടെലിഗ്രാം ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം 45 വയസ്സിനു താഴെയുള്ളവർ under45.in എന്ന വെബ്സൈറ്റും 45 വയസ്സിനു മുകളിലുള്ളവർ above45.inഎന്നീ വെബ്സൈറ്റും ഉപയോഗിച്ച് ജില്ല തിരഞ്ഞെടുത്ത് ചാനലിൽ ജോയിൻ ചെയ്താൽ അലർട്ട് ലഭിക്കും. വാട്സാപ്പിൽ നിശ്ചിത അലർട്ടുകൾ സെറ്റ് ചെയ്യാൻ: apps.healthifyme.com/vaccinateme എന്ന ലിങ്ക് ഉപയോഗിക്കാം.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
എന്തെങ്കിലും ആവശ്യത്തിനായി ഒരാൾ കോവിൻ സർട്ടിഫിക്കറ്റ് കൊണ്ടുവന്നാൽ അതിന്റെ ആധികാരികത പരിശോധിക്കാൻ സംവിധാനമുണ്ട്. verify.cowin.gov.in എന്ന സൈറ്റ് തുറന്ന് അതിലെ ക്യുആർ കോഡ് സ്കാനർ ഉപയോഗിച്ച് സർട്ടിഫിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയാകും. യഥാർഥമെങ്കില്‍ അക്കാര്യം എഴുതിക്കാണിക്കും.
കോവിൻ ഹെൽപ്‍ലൈൻ
കോവിൻ സംബന്ധിച്ച സംശയങ്ങൾക്കായി വിളിക്കാം. ഹെൽപ്‍ലൈൻ: +91 11 23978046 (Toll Free - 1075 ) ടെക്നിക്കൽ ഹെൽപ്‍ലൈൻ: 0120 4473222