ജിബി വാട്‌സ്ആപ്പ് അടക്കമുള്ള തേർഡ് പാർട്ടി വാട്‌സ്ആപ്പ് ആണോ നിങ്ങൾ ഉപയോഗിക്കുന്നത് അക്കൗണ്ട് ടെർമിനേഷൻ ചെയ്യുമെന്ന് വാട്‌സ്ആപ്പ്


 

വാട്ട്‌സ്ആപ്പിനോട് സാമ്യമുള്ള പേര് ഉപയോഗിക്കുന്ന ഏതെങ്കിലും ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌തോളു. ഇല്ലെങ്കില്‍, പണിതരുമെന്ന് വാട്ട്‌സ്ആപ്പ് മുന്നറിയിപ്പ്. കൂടുതല്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന ആളുകളോട് ഇനി വിട്ടുവീഴ്ചയില്ലെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. 

വാട്ട്‌സ്ആപ്പ് പ്ലസ്, ജിബി പ്ലസ് തുടങ്ങിയ തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ വാട്ട്‌സ്ആപ്പിലില്ലാത്ത നിരവധി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, ഈ ആപ്പുകള്‍ സുരക്ഷിതമല്ലെന്നും അത് വ്യക്തിഗത ഡാറ്റ മോഷ്ടിക്കാന്‍ കഴിയുന്ന മാല്‍വെയറുകള്‍ നിറഞ്ഞതുമാണെന്നു വാട്ട്‌സ്ആപ്പ് വ്യക്തമാക്കുന്നു. പ്ലേ സ്‌റ്റോറിലോ ആപ്പ് സ്‌റ്റോറിലോ ഇത്തരം ആപ്പുകള്‍ കണ്ടെത്താത്തതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.

വാട്ട്‌സ്ആപ്പിനെ അനുകരിക്കുന്ന വാട്ട്‌സ്ആപ്പ് പ്ലസും മറ്റ് തേര്‍ഡ് പാര്‍ട്ടി ആപ്പുകളും ഓട്ടോറിപ്ലൈസ്, ചാറ്റ് ഷെഡ്യൂളിംഗ് എന്നിവയും മറ്റ് ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നു. ഈ ഫീച്ചറുകള്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമല്ല. വാസ്തവത്തില്‍ വാട്ട്‌സ്ആപ്പ് ഒരിക്കലും ഓട്ടോമാറ്റിക്ക് മറുപടികളും ചാറ്റ് ഷെഡ്യൂളിംഗും അവതരിപ്പിച്ചിട്ടില്ല. എന്നാല്‍ ഈ വ്യാജ ആപ്പുകള്‍ക്ക് ഇതിനകം തന്നെ ഇതെല്ലാം ഉണ്ട്. തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ ഡവലപ്പര്‍മാര്‍ ഉപയോക്താക്കളെ അവരുടെ ചാറ്റുകള്‍ വാട്ട്‌സ്ആപ്പ് പ്ലസ് അല്ലെങ്കില്‍ ജിബി പ്ലസ് പോലുള്ള ആപ്പുകളിലേക്ക് പുതിയഫീച്ചറുകള്‍ ഉപയോഗിക്കാന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

വാട്ട്‌സ്ആപ്പ് നയങ്ങള്‍ അനുസരിച്ച്, അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ ഒരു അക്കൗണ്ടിന് ആപ്പിന് താല്‍ക്കാലികമോ ശാശ്വതമോ ആയ വിലക്ക് നേരിടേണ്ടിവരും. വാട്ട്‌സ്ആപ്പ് ആപ്പിന്റെ അനധികൃത പതിപ്പുകളെ 'വാട്ട്ആപ്പ് മോഡുകള്‍' എന്ന് വിളിക്കുന്നു. വാട്ട്‌സ്ആപ്പിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍, അത് കമ്പനിയുടെ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമായതിനാല്‍ അക്കൗണ്ട് നിരോധിക്കും.

വാട്ട്‌സ്ആപ്പ് പ്ലസ്, ജിബി പ്ലസ് പോലുള്ള മിക്ക തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ലഭ്യമല്ല. അവ എപികെ വഴി മാത്രമേ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ. അന്യായമായ മാര്‍ഗങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആപ്പുകള്‍ പലപ്പോഴും മാല്‍വെയറുകളാല്‍ ബാധിക്കപ്പെടുന്നു എന്നത് രഹസ്യമല്ല. മാത്രവുമല്ല, ചാറ്റുകള്‍ സുരക്ഷിതമാണോ അല്ലയോ എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ സുരക്ഷിതത്വവും സ്വകാര്യതയും ശ്രദ്ധിക്കുന്നില്ല. അത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ,സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുക മാത്രമല്ല, ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ വാട്ട്‌സ്ആപ്പിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുകയും ചെയ്യും.