കൊവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിരന്തരം നിർദ്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാരണം ഈ പകർച്ചവ്യാധിയോട് പോരാടുന്നതിന് ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ വൈറസ് വളരെ പെട്ടെന്ന് പിടിപെടുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നറിയാം...
ഒന്ന്...
ധാരാളം പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയ ഒന്നാണ് നെല്ലിക്ക. ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവ നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും നെല്ലിക്ക ഫലപ്രദമാണ്.
രണ്ട്...
ഈന്തപ്പഴം വിറ്റാമിൻ സിയുടെയും അയണിന്റെയും മികച്ച ഉറവിടമാണ്. വിറ്റാമിൻ സി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുകയും ഇരുമ്പ് രോഗപ്രതിരോധ സംവിധാനത്തെ കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിക്കുന്നു. ശ്വാസകോശത്തിൽ നിന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ നിർമ്മിക്കാൻ ഇരുമ്പ് ആവശ്യമാണ്.
മൂന്ന്...
നെയ്യോ ശുദ്ധീകരിച്ച വെണ്ണയോ വളരെ പോഷകഗുണമുള്ളതും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ എ, കെ, ഇ, ഒമേഗ -3, ഒമേഗ 9 അവശ്യ ഫാറ്റി ആസിഡുകളുടെ ഗുണങ്ങളാൽ സമ്പന്നമാണ് നെയ്യ്. കൂടാതെ, ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ്. നെയ്യ് ശരീരത്തെ ഊഷ്മളമായി നിലനിർത്താനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചോറിനൊപ്പമോ അല്ലാതെയുള്ള മറ്റ് ഭക്ഷണത്തോടൊപ്പമോ ഒരു ടേബിൾ സ്പൂൺ നെയ്യ് കഴിക്കാൻ ശ്രമിക്കുക. നെയ്യ് മിതമായ അളവിൽ കഴിക്കുന്നത് ഉറപ്പാക്കുക.
നാല്...
ആന്റിഓക്‌സിഡന്റുകളും സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ അണുബാധകൾക്കെതിരായ പ്രതിരോധം വർദ്ധിപ്പിക്കാനും ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
അഞ്ച്...
ഫൈറ്റോകെമിക്കൽസ്, ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്സിഡന്റുകൾ തുളസിയിൽ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ ഒരുമിച്ച് ശ്വാസകോശ അണുബാധകളെ ചികിത്സിക്കുന്നതിനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ എ, സി, കെ എന്നിവയും കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
ആറ്...
ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, വിറ്റാമിൻ എ, സി, ഇ, കെ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് കുർക്കുമിൻ. ഇത് ശ്വസനവ്യവസ്ഥയെ ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും കാൻസർ തടയാനും ശരീരഭാരം കുറയ്ക്കാനും മുറിവുകൾ ഉണക്കാനും സഹായിക്കുന്നു.
ഏഴ്...
ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇഞ്ചിയിൽ വിറ്റാമിൻ എ, കെ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇഞ്ചിനീരിൽ അൽപം തേൻ ചേർത്ത് കഴിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വൻകുടൽ കാൻസറിനെ തടയുകയും ചെയ്യും.
എട്ട്...
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ബ്രൊക്കോളി കഴിക്കാം. വളരെ രുചികരമായ പച്ചക്കറിയാണ് ബ്രൊക്കോളി. കാബേജ്, ക്വാളിഫ്ലവർ എന്നിവയുടെ ഇനത്തിൽ പ്പെട്ട പച്ചക്കറിയാണിത്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും ആന്റിഓക്‌സിഡന്റുകളും രോഗങ്ങൾക്കും അണുബാധകൾക്കുമെതിരെ പോരാടാൻ സഹായിക്കുന്നു.
ഒൻപത്...
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പാലക്ക് (Spinach) ചീര കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി 2, സി, ഇ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലിനിയം, പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിങ്ങൾക്ക് ഇത് ജ്യൂസ് ആയോ തോരനായോ സാലഡിൽ ഉൾപ്പെടുത്തിയോ അതും അല്ലെങ്കിൽ സൂപ്പായോ കഴിക്കാവുന്നത്.
പത്ത്...
വിറ്റാമിൻ എ, ബി 1,അയൺ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ നിരവധി പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തി പല രോഗങ്ങൾക്കെതിരെയുമുള്ള പ്രതിരോധം ശക്തപ്പെടുത്താൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ നിറഞ്ഞിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും മുരിങ്ങയില ഏറെ നല്ലതാണ്. തോരനായോ അല്ലെങ്കിൽ സൂപ്പായോ അതും അല്ലെങ്കിൽ മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതോ വളരെ നല്ലതാണ്