വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

 



വാക്സിൻ എടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗങ്ങൾ ഗിസ്ബോട്ട് നേരത്തെ പ്രസിദ്ധികരിച്ചിട്ടുള്ളതാണ്. കോവിൻ ആപ്പ്, വെബ്‌സൈറ്റ്, ആരോഗ്യ സേതു ആപ്പ്, ഉമാംഗ് ആപ്പ് എന്നിവ വഴി കോവിഡ് -19 വാക്‌സിനുകൾ പ്രീ- രജിസ്റ്റർ ചെയ്യാം. കൂടാതെ ഗൂഗിൾ മാപ്സ് വഴി നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താനും സാധിക്കും. ഇപ്പോഴിതാ വാട്സ്ആപ്പിലൂടെയും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. മിക്ക ആളുകളും ഉപയോഗിക്കുന്ന ആപ്പായതിനാലാണ് വാട്സ്ആപ്പ് വഴി വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള വഴി ഉണ്ടാക്കിയിരിക്കുന്നത്.


വാട്സ്ആപ്പിലെ മൈഗോവ് കൊറോണ ഹെൽപ്പ്ഡെസ്കുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്താൻ കഴിയും. ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്യുന്നതിന് നിങ്ങൾ 'നമസ്‌തേ' എന്ന് ടൈപ്പുചെയ്ത് വാട്ട്‌സ്ആപ്പിൽ 9013151515എന്ന നമ്പറിലേക്ക് അയക്കുക. ഇതിലൂടെ ഓട്ടോമാറ്റിക്കായി നിങ്ങൾക്ക് റിപ്ലെ വരും. നിങ്ങളുടെ പിൻ‌കോഡ് നൽകിക്കൊണ്ട് കൊവിഡ്-19 വാക്സിൻ എടുക്കാൻ സാധിക്കുന്ന ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങൾ കണ്ടെത്താൻ സാധിക്കും. മൈഗോവിന്ത്യ ട്വിറ്റർ ഹാൻഡിലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.


കൊവിഡ്-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക കൂടാതെ ചാറ്റ്ബോട്ടിൽ നിന്നുള്ള ഓട്ടോ റിപ്ലെയിലൂടെ കോവിൻ വെബ്‌സൈറ്റിലെ വാക്സിനേഷൻ രജിസ്ട്രേഷനിലേക്കുള്ള ഒരു ലിങ്കും ലഭിക്കും. വാട്‌സ്ആപ്പിലെ മൈഗോവ് കൊറോണ ഹെൽപ്പ്ഡെസ്കിന്റെ ചാറ്റ്ബോട്ട് ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സപ്പോർട്ട് ചെയ്യുന്നു. മലയാളം ഇതുവരെ സപ്പോർട്ട് ചെയ്യുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. ഇംഗ്ലീഷാണ് ഇതിലെ കസ്റ്റം ഓപ്ഷൻ. ഹിന്ദി വേണ്ടവർക്ക് ഒരു ഹിന്ദി മെസേജ് അയച്ചാൽ മതി. ഓട്ടോമാറ്റിക്കായി ഭാഷ ഹിന്ദിയാകും