കൂടുതൽ അപകടകരമായ വകഭേദങ്ങളുമായി കോവിഡ് മഹാമാരി മുന്നേറവേ ആശങ്കപ്പെടുത്തുന്ന പുതിയ രോഗലക്ഷണങ്ങളും പുറത്തുവരികയാണ്. വരണ്ട വായയും വരണ്ട നാക്കും കോവിഡ് ലക്ഷണങ്ങൾ ആകാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സെറോസ്റ്റോമിയ എന്നറിയപ്പെടുന്ന വായ വരണ്ടു പോകുന്ന സാഹചര്യം കോവിഡ് അണുബാധയ്ക്ക് മുന്നോടിയായി വരുന്ന ലക്ഷണമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പനി, തൊണ്ടവേദന പോലുള്ള മറ്റു ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ സെറോസ്റ്റോമിയ കോവിഡ് രോഗികളിൽ കാണപ്പെടാം. ശരീരത്തിന് ഉമിനീർ ഉൽപ്പാദിപ്പിക്കാനാകാതെ വരുമ്പോഴാണ് വായ വരളുന്നത്. ഇത് വായിൽ ബാക്ടീരിയ പോലുള്ള അണുക്കൾ തങ്ങിനിൽക്കാൻ ഇടയാക്കും. വായ്ക്കുള്ളിലെ പാളികളെയും മസിൽ ഫൈബറുകളെയും വൈറസ് ആക്രമിക്കുമ്പോഴാണ് സെറോസ്റ്റോമിയ സംഭവിക്കുന്നതെന്ന് മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ ഡോ. സാമ്രാട്ട് ഷാ പറയുന്നു.
ചില മരുന്നുകൾ, ടൈപ്പ് 1 പ്രമേഹം, ഹൈപ്പർതൈറോയ്ഡിസം, ചില ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, കിഡ്നി രോഗം, വൈറ്റമിൻ അഭാവം, മറ്റ് അണുബാധകൾ തുടങ്ങിയവയും വരണ്ട വായ്ക്ക് കാരണമാകാം. എന്നാൽ അടുത്തിടെ മാത്രമാണ് കോവിഡ് സംബന്ധമായി ഈ ലക്ഷണം ഗവേഷകരുടെ ശ്രദ്ധയിൽപെട്ടത്. കൊറോണ വൈറസിനെ കോശങ്ങൾക്കുള്ളിൽ കയറാൻ സഹായിക്കുന്ന ACE2 റിസപ്റ്ററുകൾ വായിലെ കോശങ്ങളിലും ധാരാളമായുണ്ട്. ഇതിനാൽ വൈറസ്സിന് വായിലൂടെയും ശരീരത്തിനുള്ളിൽ പ്രവേശിക്കാൻ സാധിക്കും.
വരണ്ട വായ പോലെ തന്നെ മറ്റൊരു കോവിഡ് ലക്ഷണമാണ് വരണ്ട നാക്ക്. കോവിഡ് ടങ്ങ് എന്ന് കൂടി ഈ ലക്ഷണം അറിയപ്പെടുന്നു. ഇതിന്റെ ഭാഗമായി നാക്ക് വിണ്ടു കീറുകയും അതിന് വെള്ളനിറമാകുകയും ചെയ്യുന്നു. ഈ രണ്ടു ലക്ഷണങ്ങളും വരുന്ന രോഗികൾക്ക് ഭക്ഷണം ചവയ്ക്കാനും സംസാരിക്കാനും ബുദ്ധിമുട്ടായിരിക്കും.
മറ്റു ലക്ഷണങ്ങളെക്കാൽ മുൻപ് വരണ്ട വായും നാവും പ്രത്യക്ഷപ്പെടുന്നതിനാൽ കോവിഡ് രോഗനിർണയത്തിനും ചികിത്സയ്ക്കും രോഗിയുടെ ഐസൊലേഷനും ഇത് സഹായകമാകും.