ന്യൂഡല്‍ഹി: കൊവിഡ് ബാധിതനായ ഒരു വ്യക്തി സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ അയാളില്‍ നിന്ന് 30 ദിവസത്തിനകം 406 പേരിലേക്കു രോഗം പടരുമെന്ന് കേന്ദ്രം. വിവിധ പഠനങ്ങളെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍ സെക്രട്ടറി ലാവ് അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം ബാധിച്ചയാള്‍ ആളുകളുമായി നേരിട്ട് ഇടപെടുന്നത് 50 ശതമാനം കുറയ്ക്കുകയാണെങ്കില്‍, 406ന് പകരം 15 പേരിലേക്കു രോഗബാധ ചുരുക്കാന്‍ കഴിയും. രോഗി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം 75 ശതമാനം കുറയ്ക്കുകയാണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ 2.5 ആളുകളിലേക്ക് മാത്രമേ രോഗം പകരുകയുള്ളൂ. ക്ലിനിക്കല്‍ മാനേജ്‌മെന്റില്‍ ശ്രദ്ധിക്കേണ്ടതിനൊപ്പം കൊവിഡ് നിയന്ത്രണത്തിലും ശ്രദ്ധ വേണ്ടതാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.
വീടുകളില്‍ നിരീക്ഷണത്തിലാണെങ്കിലും മാസ്‌ക് ശരിയായി ഉപയോഗിക്കുന്നില്ലെങ്കില്‍, അണുബാധയില്ലാത്ത ഒരാള്‍ക്കു രോഗബാധയുണ്ടാകാനുള്ള സാധ്യത 90 ശതമാനമാണ്. രോഗമില്ലാത്തയാള്‍ മാസ്‌ക് ധരിക്കുകയും രോഗബാധിതന്‍ മാസ്‌ക് ധരിക്കാതിരിക്കുകയും ചെയ്താല്‍ പകരാനുള്ള സാധ്യത 30 ശതമാനമാവും.
രണ്ടു കൂട്ടരും മാസ്‌ക് ധരിക്കുന്നുവെങ്കില്‍ സാധ്യത 1.5 ശതമാനമായി കുറയും. നമ്മള്‍ ആറടിയില്‍ താഴെ അകലത്തിലാണെങ്കില്‍ രോഗബാധിതന്‍ നമുക്ക് രോഗം പടര്‍ത്താനുള്ള സാധ്യതയുണ്ട്. ആറടി അകലം പാലിക്കുക, മാസ്‌ക് ധരിക്കുക എന്നീ രണ്ടു കാര്യങ്ങളും സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.